Israel Gaza Conflicts: ഗാസയില്‍ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ ഘട്ടമെന്ന് യുഎന്‍ സെക്രട്ടറി
Israel Gaza Conflicts Updates: യുഎസിന്റെ കരാറിന് കീഴില്‍ ബദല്‍ ഭക്ഷ്യവിതരണ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. നൂറോളം ട്രക്കുകള്‍ എത്തിയതായും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ഗാസയിലെ ആളുകള്‍ പട്ടിണിയില്‍ തന്നെ തുടരുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെല്‍ അവീവ്: ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ ഘട്ടമാണ് ഇപ്പോഴുള്ളതെന്ന് യുഎസ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഗാസയിലേക്ക് ഇസ്രായേല്‍ അനുവദിച്ചിരിക്കുന്ന സഹായം ടീസ്പൂണിന് സമാനമാണ്. വേഗത്തിലുള്ളതും വിശ്വസനീയവും സുരക്ഷിതവും സുസ്ഥിരവുമായ സഹായം ഇസ്രായേല്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസിന്റെ കരാറിന് കീഴില്‍ ബദല്‍ ഭക്ഷ്യവിതരണ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. നൂറോളം ട്രക്കുകള്‍ എത്തിയതായും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും ഗാസയിലെ ആളുകള്‍ പട്ടിണിയില്‍ തന്നെ തുടരുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, പലസ്തീനികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായെത്തിയ ട്രക്കുകള്‍ക്ക് സംരക്ഷണം നല്‍കിയ ആളുകളെ ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തി എന്ന വിവരവും പുറത്തുവരുന്നുണ്ട്. ആറ് പലസ്തീന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. യുഎന്‍ എത്തിച്ച മാനുഷിക സഹായത്തിന് കാവല്‍ നിന്നവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.




ഗാസയ്ക്ക് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം കൊടും പട്ടിണിയിലേക്കായിരുന്നു കാര്യങ്ങള്‍ എത്തിച്ചത്. ഇതോടെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ ഇസ്രായേല്‍ 119 സഹായ ട്രക്കുകള്‍ നല്‍കാന്‍ അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍ നിലവില്‍ ഗാസയിലേക്ക് എത്തിച്ച മാനുഷിക സഹായം പലസ്തീനികള്‍ക്ക് തികയില്ലെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. ദിവസം 600 ട്രക്കുകളില്‍ സഹായമെത്തിച്ചെങ്കില്‍ മാത്രമേ പലസ്തീനികളെ രക്ഷിക്കാന്‍ സാധിക്കൂവെന്ന് യുഎന്‍ അറിയിച്ചു.