Donald Trump: ‘ഇന്ത്യ മികച്ചൊരു രാജ്യമാണ്, അവരും പാകിസ്ഥാനും സമാധാനത്തോടെ ജീവിക്കുമെന്ന് കരുതുന്നു’
Gaza Peace Summit 2025: ദക്ഷിണേഷ്യയില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ച ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ്, ഷെഹ്ബാസ് ഷെരീഫ്
കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയില്‍ തന്റെ സുഹൃത്ത് ഉന്നതസ്ഥാനത്തുണ്ടെന്ന് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ സമാധാന കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഈജിപ്തില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തോടെ ജീവിക്കുമെന്ന് താന്‍ കരുതുന്നുവെന്നും ട്രംപ് പറഞ്ഞു.
“ഇന്ത്യ ഒരു മികച്ച രാജ്യമാണ്. എന്റെ ഒരു സുഹൃത്ത് ഉന്നതസ്ഥാനത്തുണ്ട് അവിടെ, അദ്ദേഹം തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുന്നു. പാകിസ്ഥാനും ഇന്ത്യയും വളരെ നന്നായി ജീവിക്കുമെന്ന് ഞാന്‍ കരുതുന്നു,” എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ നോക്കി ചിരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല. എന്നാല്‍ അസീമിനെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ എന്നാണ് ട്രംപ് അഭിസംബോധന ചെയ്തത്. ഉച്ചകോടിയില്‍ സംസാരിക്കാനായി ഷെഹബാസ് ഷെരീഫിനെ വിളിക്കുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പരാമര്‍ശം.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, എന്റെ പ്രിയപ്പെട്ട പാകിസ്ഥാനിലെ ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇന്നിവിടെയില്ല. എന്നാല്‍ പ്രധാനമന്ത്രി ഇവിടെ വന്നിട്ടുണ്ടെന്ന് ഷെരീഫിനെ ക്ഷണിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
ട്രംപിന്റെ അക്ഷീണവും നിരന്തരവുമായ പരിശ്രമത്തിലൂടെയാണ് പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കാന്‍ സാധിച്ചതെന്ന് ഷെരീഫ് പറഞ്ഞു. ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും, പിന്നീട് വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിനും നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി പാകിസ്ഥാന്‍ നാമനിര്‍ദേശം ചെയ്തു, ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേഷ്യയില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലും ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ച ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു.