Dubai: വിവാഹത്തിന് ശമ്പളത്തോടുകൂടി 10 ദിവസത്തെ അവധി; സർക്കാർ ജോലിക്കാർക്ക് ദുബായ് ഭരണാധികാരിയുടെ സമ്മാനം
New Marriage Leave Policy In Dubai: സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി പ്രഖ്യാപിച്ച് ദുബായ്. 10 ദിവസത്തെ അവധിയാണ് ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചത്.
ദുബായിൽ ഇനി സർക്കാർ ജോലിക്കാർക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ അവധി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് പുതിയ ലീവ് പോളിസി പുറത്തുവിട്ടത്. എമിറേറ്റി പൗരന്മാരുടെ വിവാഹത്തിന് 10 ദിവസം ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിക്കുക. ഏത് മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവധി ബാധകമായിരിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന എല്ലാ യുഎഇ പൗരന്മാർക്കും ഇനിമുതൽ വിവാഹത്തിന് 10 ദിവസത്തെ അവധി ലഭിക്കും. സർക്കാർ വകുപ്പുകൾ, നിയമസംവിധാനങ്ങൾ, സൈനികർ തുടങ്ങി എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമാണ്. പ്രൊബേഷൻ കാലാവധി അവസാനിച്ച ജീവനക്കാർക്കേ വിവാഹ അവധി എടുക്കാനാവൂ.




വിവാഹ അവധി ലഭിക്കണമെങ്കിൽ എമിറേറ്റ് പൗരന്മാർ തമ്മിലാവണം വിവാഹം. വരനോ വധുവോ മറ്റേതെങ്കിലും രാജ്യക്കാരാണെങ്കിൽ ഈ അവധി ലഭിക്കില്ല. യുഎഇ അധികൃതർ ഔദ്യോഗികമായി ഈ വിവാഹം അംഗീകരിക്കണം. ഡിസംബർ 31ന് ശേഷമാവണം വിവാഹ ഉടമ്പടി. വിവാഹ സർട്ടിഫിക്കറ്റിൻ്റെ കോപ്പി വെരിഫിക്കേഷന് നിർബന്ധമാണ്. ജോലിസ്ഥലത്തെ സമ്മർദ്ദം മാറ്റി എമിറേറ്റി കുടുംബങ്ങളെ പിന്തുണയ്ക്കാനാണ് നിയമമെന്ന് അധികൃതർ പറഞ്ഞു.
വിവാഹ അവധിയുടെ സമയത്ത് അലവൻസുകളും മറ്റ് സാമ്പത്തിക നേട്ടങ്ങളും ഉൾപ്പെടെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കും. ഏത് സമയത്തും ജീവനക്കാർക്ക് വിവാഹ അവധി എടുക്കാം. തുടർച്ചയായോ ഇടവിട്ടുള്ള ദിവസങ്ങളിലോ 10 അവധികൾ എടുക്കാവുന്നതാണ്. വിവാഹ ഉടമ്പടിയുടെ ദിവസം മുതൽ ഒരു വർഷത്തിനകം അവധിയെടുക്കാം.