UAE Drinks Tax: പഞ്ചസാരയുടെ അളവ് അനുസരിച്ച് നികുതി; യുഎഇയില്‍ പുത്തന്‍ സമ്പ്രദായം, നിങ്ങളെയും ബാധിക്കും
UAE Soft Drinks Tax: പഞ്ചസാര കൂടുതലായി അടങ്ങിയിരിക്കുന്ന പാനീയങ്ങള്‍ക്കെല്ലാം ഉയര്‍ന്ന അളവില്‍ തന്നെയായിരിക്കും നികുതി ബാധകമാകുന്നത്. ഇത് ആളുകളെ മധുരം കുറഞ്ഞ പാനീയങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് സൂചന.

പ്രതീകാത്മക ചിത്രം
അബുദബി: 2026 ജനുവരി 1 മുതല്‍ യുഎഇയില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് നികുതികളില്‍ മാറ്റം. 50 ശതമാനം നികുതിയെ കൂടാതെ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവിന് അനുസരിച്ച് നികുതി ചുമത്തും. ഫിസികോള, കുട്ടികള്‍ക്കായുള്ള ജ്യൂസ്, എനര്‍ജി ഷോട്ട് എന്നിവയുടെ ഉള്‍പ്പെടെ വില ഇതുവഴി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പഞ്ചസാര കൂടുതലായി അടങ്ങിയിരിക്കുന്ന പാനീയങ്ങള്‍ക്കെല്ലാം ഉയര്‍ന്ന അളവില്‍ തന്നെയായിരിക്കും നികുതി ബാധകമാകുന്നത്. ഇത് ആളുകളെ മധുരം കുറഞ്ഞ പാനീയങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് സൂചന. പാനീയങ്ങളെ 100 മില്ലിഗ്രാം പഞ്ചസാര മുതല്‍ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഉയര്‍ന്ന, ഇടത്തരം, താഴ്ന്ന അല്ലെങ്കില്‍ പൂജ്യം എന്നിങ്ങനെയാണത്.
ഓരോ വിഭാഗത്തിനും വ്യത്യസ്ത നിരക്കുകളായിരിക്കും ബാധകം. എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനം എക്‌സൈസ് തീരുവ നിലനില്‍ക്കും. എന്നാല്‍ പ്രകൃതിദത്തമായ മധുരമടങ്ങിയ പാനീയങ്ങള്‍ക്ക് നികുതി ഉണ്ടായിരിക്കില്ല.
പാനീയങ്ങള്‍ക്ക് നികുതി ചുമത്തുന്നത് സ്വാഭാവികമായും അവയുടെ വില വര്‍ധിക്കുന്നതിന് വഴിവെക്കും. ഇത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. കുട്ടികള്‍ക്കായി മാത്രം വരുന്ന പാനീയങ്ങളുടെ വിലയിലും മാറ്റം വരും. അമിതമായ വില നല്‍കുന്നത് ഒഴിവാക്കുന്നതിനായി 100 മില്ലിക്ക് താഴെ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ തിരഞ്ഞെടുക്കാം.
Also Read: UAE Ramadan: യുഎഇയില്‍ 2026 ഫെബ്രുവരി 19ന് റമദാന്‍ വ്രതം ആരംഭിക്കും
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. പഞ്ചസാരയുടെ അളവ് അനുസരിച്ച് നികുതി ചുമത്തുന്നത് പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുന്നതിന് വഴിവെക്കും. ഇതോടെ പലരും പഞ്ചസാര ബഹിഷ്‌കരിക്കുമെന്നും അധികൃതര്‍ പറയുന്നു.