Volodymyr Zelenskyy: ‘യുക്രൈനെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കില്ല’; നിലപാട് വ്യക്തമാക്കി സെലെന്‍സ്‌കി
Volodymyr Zelenskyy says must end the war with a dignified peace: യുദ്ധത്തിന് ന്യായമായ ഒരു അന്ത്യം ഉണ്ടാകണം. യുദ്ധം ആരംഭിച്ച റഷ്യയാണ് അത് അവസാനിപ്പിക്കേണ്ടതും. കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനായി ഒരു വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ച് യുക്രൈന് ധാരണയുണ്ടെന്നും സെലെന്‍സ്‌കി

വോളോഡിമർ സെലെൻസ്‌കി
യുക്രൈനെ വിഭജിക്കാനുള്ള രണ്ടാമത്തെ ശ്രമവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. അടുത്ത വെള്ളിയാഴ്ച അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്. റഷ്യയെ നന്നായി അറിയാമെന്നും, യുക്രൈനെ വിഭജിക്കാന്‍, രണ്ടാമത്തെ മാത്രമല്ല മൂന്നാമത്തെ ശ്രമവും ഉണ്ടാകുമെന്നും സെലെന്‍സ്‌കി വിമര്‍ശിച്ചു. അതുകൊണ്ടാണ് യുക്രൈന്‍ വ്യക്തമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നത്. വ്യക്തവും വിശ്വസനീവയുമായ സുരക്ഷാ ഘടനയെ അടിസ്ഥാനമാക്കി സമാധാനത്തോടെയും മാന്യതയോടെയും വേണം യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമോ എന്നതിനെക്കുറിച്ച് ആരും സംശയം പ്രകടിപ്പിക്കുന്നത് കേട്ടിട്ടില്ല. യുഎസ് പ്രസിഡന്റിന് അതിനുള്ള കഴിവും ദൃഢനിശ്ചയവുമുണ്ട്. ഫെബ്രുവരി മുതൽ ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാ നിർദ്ദേശങ്ങളെയും യുക്രൈന്‍ പിന്തുണച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ എല്ലാ തരത്തിലും പിന്തുണച്ചിട്ടുണ്ടെന്നും സെലെന്‍സ്‌കി പ്രതികരിച്ചു.
We will not allow this second attempt to partition Ukraine. Knowing Russia – where there is a second, there will be a third. That is why we stand firm, on clear Ukrainian positions. We must end the war with a dignified peace, based on a clear and reliable security architecture.…
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August 9, 2025
”കൊലപാതകങ്ങൾക്ക് ഒരു വിരാമമല്ല, മറിച്ച് യഥാർത്ഥവും ശാശ്വതവുമായ സമാധാനമാണ് ഇപ്പോൾ വേണ്ടത്. ഭാവിയില്‍ എപ്പോഴെങ്കിലുമോ, അല്ലെങ്കില്‍ മാസങ്ങള്‍ക്ക് ശേഷമോ അല്ല വെടിനിര്‍ത്തല്‍ വേണ്ടത്. അത് ഉടന്‍ വേണം. അത് ചെയ്യാമെന്ന് ട്രംപ് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ അതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു”-വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
യുദ്ധത്തിന് ന്യായമായ ഒരു അന്ത്യം ഉണ്ടാകണം. യുദ്ധം ആരംഭിച്ച റഷ്യയാണ് അത് അവസാനിപ്പിക്കേണ്ടതും. കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനായി ഒരു വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ച് യുക്രൈന് ധാരണയുണ്ട്. ഇത് എതിര്‍ക്കുന്ന ഒരേയൊരു വ്യക്തി പുടിനാണ്. കൊല്ലാന്‍ മാത്രമാണ് അദ്ദേഹത്തിന് കഴിവുള്ളതെന്നും യുക്രൈന്‍ പ്രസിഡന്റ് വിമര്‍ശിച്ചു.