Sudan Gurung: ജെന്‍ സി പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദു, ആരാണ് സുഡാന്‍ ഗുരുങ്?
Who is Sudan Gurung: പ്രതിഷേധ മാര്‍ഗങ്ങള്‍ എങ്ങനെയൊക്കെ വേണമെന്ന പ്ലാനിങിന് പിന്നിലും സുഡാന്‍ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള ഹാമി നേപ്പാളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിന്റെ യുവ പ്രക്ഷോഭകാരിയായ മാറിയ ഗുരുങിന്റെ ഭൂതകാലം വേദനകള്‍ നിറഞ്ഞതായിരുന്നു

സുഡാൻ ഗുരുങ്
എത്ര വലിയ നേതാക്കളെയും അധികാരത്തില്‍ നിന്ന് വലിച്ച് താഴെയിടാന്‍ പ്രക്ഷോഭങ്ങള്‍ക്ക് അനായാസം സാധിക്കുമെന്ന് ശ്രീലങ്കയും, ബംഗ്ലാദേശും നേരത്തെ തെളിയിച്ചതാണ്. അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് നേപ്പാളില്‍ അരങ്ങേറുന്ന ജെന്‍ സി പ്രക്ഷോഭം. കെപി ശര്‍മ ഒലിക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടമാക്കിയ ആ പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദു സുഡാന്‍ ഗുരുങ് എന്ന 36കാരനാണ്. ഹാമി നേപ്പാള്‍ എന്ന എന്‍ജിഒയുടെ പ്രസിഡന്റാണ് സുഡാന്‍ ഗുരുങ്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച സര്‍ക്കാരിനെതിരെ സ്‌കൂള്‍ യൂണിഫോം ധരിച്ചും കയ്യില്‍ പുസ്തകങ്ങള്‍ പിടിച്ചും റാലി നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത് സുഡാന്‍ ഗുരുങായിരുന്നു.
പ്രതിഷേധ മാര്‍ഗങ്ങള്‍ എങ്ങനെയൊക്കെ വേണമെന്ന പ്ലാനിങിന് പിന്നിലും സുഡാന്‍ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള ഹാമി നേപ്പാളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിന്റെ യുവ പ്രക്ഷോഭകാരിയായ മാറിയ ഗുരുങിന്റെ ഭൂതകാലം വേദനകള്‍ നിറഞ്ഞതായിരുന്നു.
നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ ഗുരുങിന് തന്റെ കുട്ടിയെ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് വഴി മാറിയത്. 2015ലെ ഭൂകമ്പത്തിന് ശേഷമാണ് ഹാമി നേപ്പാള്‍ രൂപീകരിക്കുന്നത്. കുഞ്ഞിന്റെ മരണം ഗുരുങിനെ ഏറെ ഉലച്ചു. അതുവരെ സംഘാകനായി മാത്രം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം, അതിനുശേഷം പൗരവകാശ പ്രവര്‍ത്തകനായി മാറുകയായിരുന്നു.
ജെന്‍ സി പ്രതിഷേധം
അഴിമതി, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ആയിരക്കണക്കിന് യുവാക്കള്‍ ആരംഭിച്ച പ്രതിഷേധം അതിരൂക്ഷമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് സമുച്ചയമടക്കം അക്രമിച്ചു.
തലസ്ഥാനമായ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം പിന്നീട് പൊഖാറ, ബട്വാൾ, ഭൈരഹവ, ഭരത്പൂർ, ഇറ്റാഹാരി, ദമാക് എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.പ്രക്ഷോഭം ജയിലുകളിലേക്കും വ്യാപിച്ചതോടെ നിരവധി തടവുകാര്‍ രക്ഷപ്പെട്ടു.