Ahmedabad Air India Crash: വിമാനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുമോ? അറിയേണ്ടതെല്ലാം
Ahmedabad Air India Crash Insurance Details: രാജ്യത്തെ വിമാന യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുകയാണ്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ലഭിക്കാവുന്ന നഷ്ടപരിഹാരവും എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു.

അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം
അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനാപകടം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. 242 ആളുകളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതില്‍ ജീവന്‍ ബാക്കിയായത് ഒരാളുടേത് മാത്രം. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് തകര്‍ന്നുവീണ് വിമാനം ഒരു അഗ്നിഗോളമായി മാറിയത്.
ഇതോടെ രാജ്യത്തെ വിമാന യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുകയാണ്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ലഭിക്കാവുന്ന നഷ്ടപരിഹാരവും എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു.
നഷ്ടപരിഹാരം
പൊതു സേവനങ്ങള്‍ നല്‍കുന്നതിനിടയില്‍ അശ്രദ്ധ മൂലമോ അപ്രതീക്ഷിതമായോ ആളുകള്‍ക്ക് മരണമോ സ്ഥിരമായ വൈകല്യമോ സംഭവിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നിര്‍ബന്ധമായും നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിനുണ്ടാകുന്ന അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും 1999 ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ അനുസരിച്ച് വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്.
കണ്‍വെന്‍ഷന്‍ പറയുന്നത് അനുസരിച്ച് നഷ്ടപരിഹാരത്തില്‍ 128, 821 വരെ പ്രത്യേക ഡ്രോയിങ് അവകാശങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു യാത്രക്കാരന് ഏകദേശം 1.4 കോടി രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ
നഷ്ടപരിഹാരത്തിന് പുറമെ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നത് വഴി യാത്രാ സമയത്ത് പരിരക്ഷ നേടാനും സാധിക്കും. യാത്രാ സമയത്ത് അപകടം സംഭവിച്ച് ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കുടുംബത്തിന് ലംപ് സം പേഔട്ട് ലഭിക്കുന്നു.
മാത്രമല്ല അടിയന്തര മെഡിക്കല്‍ സഹായവും ഇത്തരം പോളിസികള്‍ നല്‍കുന്നുണ്ട്. ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍ പ്രത്യേക മെഡിക്കല്‍ സൗകര്യത്തിലേക്ക് മാറ്റേണ്ടിവന്നാലോ ഇന്‍ഷുറന്‍സ് ഉപകാരപ്പെടും. മരണപ്പെട്ടയാളുടെ കുടുംബത്തിന് മേല്‍ സാമ്പത്തിക ഭാരം ചുമത്താതെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാനും സാധിക്കും.
എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത് അനുസരിച്ച് അപ്രതീക്ഷിത തടസങ്ങള്‍, ചെക്ക് ഇന്‍ ബാഗേജിന്റെ നഷ്ടം അല്ലെങ്കില്‍ കാലതാമസം, വിമാനം താമസിക്കുന്നത്, യാത്ര റദ്ദാക്കലുകള്‍ തുടങ്ങിയുള്ള കാര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും.