FIFA World Cup 2026: തോറ്റാലും കിട്ടും കോടികൾ; ഫിഫ ലോകകപ്പ് ജേതാക്കളുടെ സമ്മാനത്തുക അറിഞ്ഞാലോ…
FIFA World Cup 2026 Prize Money: സമ്മാനത്തുകയിലും ഇത്തവണ ഫിഫ പുതിയ റെക്കോർഡ് ഇട്ടിട്ടുണ്ട്. മത്സരത്തിൽ നിന്ന് പുറത്താകുന്ന ടീമിന് പോലും കൈവീശി പോകേണ്ടി വരില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എത്ര രൂപ ലഭിക്കും, ആകെ സമ്മാനത്തുക എത്ര, ലോകകപ്പ് ജേതാക്കൾക്ക് എത്ര കിട്ടും? വിശദമായി അറിയാം....
നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഫിഫ ലോകകപ്പ് മാമാങ്കത്തിന് തുടക്കമായിരിക്കുകയാണ്. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ 32 ടീമുകളായിരുന്നു. 1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത്. അമേരിക്കയും മെക്സിക്കോയും കാനഡയുമാണ് ഇത്തവണ ആതിഥ്യമരുളുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്.
ടീമുകളുടെ എണ്ണത്തിൽ മാത്രമല്ല സമ്മാനത്തുകയിലും ഇത്തവണ ഫിഫ പുതിയ റെക്കോർഡ് ഇട്ടിട്ടുണ്ട്. മത്സരത്തിൽ നിന്ന് പുറത്താകുന്ന ടീമിന് പോലും കൈവീശി പോകേണ്ടി വരില്ല. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് എത്ര രൂപ ലഭിക്കും, ആകെ സമ്മാനത്തുക എത്ര, ലോകകപ്പ് ജേതാക്കൾക്ക് എത്ര കിട്ടും? വിശദമായി അറിയാം….
ഫിഫ ലോകകപ്പ് 2026 സമ്മാനത്തുക
655 മില്യൺ യുഎസ് ഡോളറാണ് 2026 ഫിഫ ലോകകപ്പിന്റെ ആകെ സമ്മാനത്തുക. അതായത് ഏകദേശം 5,469 കോടി രൂപ. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വർധനവാണ് ഇത്തവണത്തെ സമ്മാനത്തുകയിൽ ഉണ്ടായിട്ടുള്ളത്. പങ്കെടുക്കുന്ന ടീമുകൾക്കായി മൊത്തം 727 മില്യൺ യുഎസ് ഡോളറാണ് ഫിഫ കൗൺസിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 655 മില്യൺ യുഎസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകൾക്ക് നൽകുന്നതാണ്.
ALSO READ: ഫിഫ ലോകകപ്പിന്റെ മറവിൽ വമ്പൻ തട്ടിപ്പ് ; വ്യാജ TV ആപ്പുകൾ വഴി പണം തട്ടുന്നു
ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് 50 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 417 കോടി രൂപ) സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ യുഎസ് ഡോളറും നൽകും. കൂടാതെ യോഗ്യത നേടിയ ഓരോ ടീമിനും ചെലവിനായി 1.5 മില്യൺ യുഎസ് ഡോളറാണ് നൽകുന്നത്.
നാലാം സ്ഥാനക്കാർക്ക് 27 മില്യൺ യുഎസ് ഡോളർ, അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് 19 മില്യൺ യുഎസ് ഡോളർ, ഒമ്പത് മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക് 15 മില്യൺ യുഎസ് ഡോളർ, 17 മുതൽ 32 വരെയുള്ള സ്ഥാനക്കാർക്ക് 11 മില്യൺ യുഎസ് ഡോളർ, 33 മുതൽ 48 വരെയുള്ള സ്ഥാനക്കാർക്ക് ഒമ്പത് മില്യൺ യുഎസ് ഡോളർ എന്നിങ്ങനെയാണ് സമ്മാനത്തുക.
ഫിഫ ലോകകപ്പ് ചരിത്രം
1930ൽ ലാറ്റിൻ അമേരിക്കയിലെ ഉറുഗ്വോയിൽ വച്ചാണ് ആദ്യത്തെ ഫിഫ ലോകകപ്പ് നടത്തപ്പെട്ടത്. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ആതിഥേയരായ ഉറുഗ്വേ തന്നെ ആദ്യ കിരീടം ചൂടി. 13 ടീമുകൾ മാത്രമാണ് അന്ന് പങ്കെടുത്തത്. 1934-ൽ ഇറ്റലിയിലും 1938-ൽ ഫ്രാൻസിലും ലോകകപ്പ് നടന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം കാരണം 1942, 1946 വർഷങ്ങളിലെ ലോകകപ്പുകൾ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950-ലാണ് ബ്രസീലിൽ അടുത്ത ലോകകപ്പ് നടന്നത്.
ഫ്രഞ്ച് ശിൽപ്പിയായ ആബേൽ ലാഫ്ല്വർ രൂപകൽപ്പന ചെയ്ത കപ്പായിരുന്നു 1930 മുതൽ 1970 വരെ ലോകജേതാക്കൾക്ക് ഫിഫ നൽകിയിരുന്നത്. ഗ്രീക്ക് ദേവതയായ നൈക്കിൻ്റെ രൂപമായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്. 1974 മുതലാണ് ഇന്ന് കാണുന്ന രൂപകൽപ്പനയിലുള്ള ലോകകപ്പ് ട്രോഫി വിജയികൾക്ക് നൽകിത്തുടങ്ങിയത്. ‘ഭൂമിയെ കയ്യിലേന്തിയ രണ്ട് മനുഷ്യർ’ എന്നതാണ് ട്രോഫിയുടെ രൂപകൽപ്പനയ്ക്ക് ആധാരമായ വിഷയം.
English Summary:
FIFA World Cup 2026 will offer the highest prize money in the tournament’s history. Champions will receive USD 50 million, around ₹417 crore, while the runners-up will earn USD 33 million. Teams finishing third and fourth will receive USD 29 million and USD 27 million respectively