Flipkart Success Story: ജോലി രാജിവെച്ച് സ്റ്റാർട്ടപ്പിനായി ഇറങ്ങിതിരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥ, ഒരു ‘ഫ്ലിപ്കാർട്ട്’ വിജയ ഗാഥ…
Flipkart Success story: വെറും 4 ലക്ഷം രൂപയ്ക്ക് ബെംഗളൂരൂവിലെ ചെറിയൊരു അപ്പാർട്ട്മെന്റിൽ നിന്ന് ആരംഭിച്ച കമ്പനി, ഇന്ന് കോടികൾക്ക് മുകളിൽ ബ്രാൻഡ് വാല്യൂ ഉള്ള കമ്പനിയായി മാറിയിരിക്കുന്നു. 'ഫ്ലിപ്കാർട്ടി'ന്റെ വിജയ യാത്ര അറിയാം...

ജോലി ഉപേക്ഷിച്ച് രണ്ട് സുഹൃത്തുക്കൾ സ്വപ്നങ്ങൾക്കായി ഇറങ്ങിതിരിച്ചപ്പോൾ പിറന്നത്, ഇന്ത്യയിലെ ഏറ്റവും മികച്ച ഇ കോമേഴ്സ് കമ്പനിയാണ്. വെറും 4 ലക്ഷം രൂപയ്ക്ക് ബെംഗളൂരൂവിലെ ചെറിയൊരു അപ്പാർട്ട്മെന്റിൽ നിന്ന് ആരംഭിച്ച കമ്പനി, ഇന്ന് കോടികൾക്ക് മുകളിൽ ബ്രാൻഡ് വാല്യൂ ഉള്ള കമ്പനിയായി മാറിയിരിക്കുന്നു. ‘ഫ്ലിപ്കാർട്ടി’ന്റെ വിജയ യാത്ര അറിയാം…
ഫ്ലിപ്കാർട്ടിന്റെ പിറവി
2007 ൽ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് ഫ്ലിപ്കാർട്ട് എന്ന കമ്പനി സ്ഥാപിച്ചത്. ഒരേ കുടുംബപ്പേരാണ് ഉള്ളതെങ്കിലും ചണ്ഡിഗഡിൽ നിന്നുള്ള ഇരുവരും ബന്ധുക്കളായിരുന്നില്ല. ഐഐടി ഡൽഹിയിൽ പഠിച്ച ഇരുവരും ആമസോണിലാണ് ജോലി ചെയ്തിരുന്നത്. ജോലിയുണ്ടെങ്കിലും ടെക്നോളജി മേഖലയിൽ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന മോഹം സച്ചിൻ ബെനസാലിലുണ്ടായിരുന്നു. യാദൃശ്ചികമായി ഇക്കാര്യം ബിന്നി ബെൻസാലുമായി പങ്ക് വച്ചു.
രണ്ട് വഴികളാണ് ഇരുവർക്കും മുന്നിലുണ്ടായിരുന്നത്, ഒന്ന് വലിയ ശമ്പളവും മികച്ച ജീവിതവും പ്രദാനം ചെയ്യുന്ന തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകുക, അല്ലെങ്കിൽ ഈ സുഖകരമായ ജീവിതം ഉപേക്ഷിച്ച് സ്റ്റാർട്ടപ്പിനായി ഇറങ്ങി തിരിക്കുക. തങ്ങളുടെ സ്വപ്നങ്ങൾക്കായി ഈ കൂട്ടുക്കാർ രണ്ടാമത്തെ വഴി തിരഞ്ഞടുത്തു.
ALSO READ: 31000 കോടിയുടെ ബിസിനസ് സാമ്രാജ്യം, 10300 കോടിയുടെ ആസ്തി; സഞ്ജയ് കപൂറിന്റെ സ്വത്ത് ഇനിയാര്‍ക്ക്?
ലക്ഷ്യങ്ങളിലേക്കുള്ള അവരുടെ യാത്ര സുഖകരമായിരുന്നില്ല. കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിട്ടു. ഇന്ത്യൻ മാർക്കന്റിൽ ഇത് വിജയിക്കില്ല, ഇന്ത്യക്കാരെപ്പോഴും സാധനങ്ങൾ നോക്കിയിട്ടേ വാങ്ങുകയുള്ളൂ, മോണിറ്ററിൽ കണ്ട് വിശ്വസ്തതയോടെ വാങ്ങില്ല തുടങ്ങി നിരവധി തളർത്തുന്ന വാക്കുകളും നേരിടേണ്ടി വന്നു.
അതുവരെ കൂടെയുണ്ടായിരുന്ന ബന്ധുക്കളും കൂട്ടുക്കാരും വരെ ഇന്ത്യൻ ജനത ഇത്തരമൊരു കമ്പനി ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയിട്ടും അവർ തളർന്നില്ല. 4 ലക്ഷം രൂപയ്ക്ക് ബെംഗളൂരൂവിലെ ചെറിയൊരു അപ്പാർട്ട്മെന്റിൽ നിന്ന് കമ്പനി ആരംഭിച്ചു. ആമസോണിനെ പോലെ ഫ്ലിപ്കാർട്ടും പുസ്തകങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. അങ്ങനെ പുസ്തകങ്ങൾ വാങ്ങാനുള്ള സെർച്ച് എഞ്ചീൻ സൃഷ്ടിച്ചു.
ആദ്യത്തെ ഓർഡർ
ആ സമയത്താണ് ഹൈദരാബാദിലുള്ള ഒരു ഐടി പ്രൊഫഷണൽ ‘ലീവിങ് ദ മൈക്രോസോഫ്റ്റ് ടു ചെയ്ഞ്ച് ദ വേൾഡ്’ എന്ന പുസ്തകം തപ്പി നടക്കുന്നത്. വളരെ യാദൃശ്ചികമായി ഫ്ലിപ്കാർട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫ്ലിപ്കാർട്ട് എന്ന വെബ്സൈറ്റ് കണ്ടപ്പോൾ ഇന്ത്യൻ മാർക്കറ്റിൽ ഇത്തരമൊരു വെബ്സൈറ്റോ എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. ഒടുവിൽ അദ്ദേഹം പുസ്തകത്തിനായുള്ള ഓർഡർ നൽകി.
ഓർഡർ കിട്ടിയപ്പോൾ രണ്ട് സുഹൃത്തുക്കളും വളരെയധികം സന്തോഷിച്ചു. രണ്ട് പേരും ബെംഗളൂരൂ നഗരത്തിൽ പുസ്തകം തപ്പി ഇറങ്ങി, അമ്പതോളം സ്റ്റോറുകളിൽ അന്വേഷിച്ചു, മുംബൈയിലും ഡൽഹിയിലുമുള്ള സുഹൃത്തുക്കളോട് ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.
ALSO READ: നൂറിലധികം റിജക്ഷൻസ്, ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വനിതാ സ്റ്റാർട്ടപ്പ്; ‘കാൻവ’യുടെ കഥ ഇങ്ങനെ
ലീവിങ് ദ മൈക്രോസോഫ്റ്റ് ടു ചെയ്ഞ്ച് ദ വേൾഡ്
ഒടുവിൽ ബെംഗളൂരൂവിലെ ഒരു സ്റ്റോറിൽ പുസ്തകത്തിന്റെ ഒരേയൊരു കോപ്പി ഉണ്ടായിരുന്നു. പക്ഷേ അത് വളരെയധികം പഴകിയതായിരുന്നു. എങ്കിലും ഓർഡർ ചെയ്ത വ്യക്തിക്ക് പുസ്തകമുണ്ട്, പക്ഷേ പഴകിയതാണെന്ന് അറിയിച്ച് കൊണ്ട് മെയിൽ അയച്ചു. വായിക്കാൻ പറ്റുമോ എന്നായിരുന്നു പ്രതികരണം, ഒടുവിൽ ഓർഡർ കൺഫോം ചെയ്തു. സ്റ്റോറിൽ നിന്നും പുസ്തകം വാങ്ങിക്കാൻ ബിന്നി ബെൻസാൽ ഇറങ്ങി, ശക്തമായ മഴയും കൊണ്ട് കടയിൽ എത്തിയപ്പോഴാണ് പേഴ്സ് എടുത്തിട്ടില്ലെന്ന കാര്യം ഓർക്കുന്നത്. ഒടുവിൽ അടുത്തുള്ള സുഹൃത്തിൽ നിന്നും കടം വാങ്ങി, പുസ്തകം വാങ്ങിച്ചു.
വളർച്ച
പതിയെ ഫ്ലിപ്കാർട്ടിന് ഓർഡറുകളും വലിയ രീതിയിൽ നിക്ഷേപങ്ങളും വന്ന് തുടങ്ങി. പുസ്കത്തിൽ മാത്രം ഒതുക്കാതെ വസ്ത്രങ്ങളും ഷൂസും മറ്റ് ആക്സസറീസും ഉൾപ്പെടുത്തി ഫ്ലിപ്കാർട്ട് വളർന്നു, ഇന്ത്യൻ വിപണിയെ കീഴടക്കി. 2014ൽ 300 മില്യൺ യുഎസ് ഡോളർ ലാഭം നേടി.
കമ്പനിയുടെ 77 ശതമാനം ഓഹരികൾ വാങ്ങിയ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടുമായി ഫ്ലിപ്കാർട്ട് ഒരു കരാർ ഒപ്പിട്ടു. ഒമ്പത് വർഷം സച്ചിൻ ഫ്ലിപ്കാർട്ട് സിഇഒ ആയിരുന്നു. 2016 ൽ, സച്ചിൻ എക്സിക്യൂട്ടീവ് ചെയർമാനായതോടെ ബിന്നി ബൻസാൽ സിഇഒ ആയി ചുമതലയേറ്റു. ഫാഷൻ പോർട്ടലുകളായ മൈന്ത്ര-ജബോംഗ്, പേയ്‌മെന്റ് യൂണിറ്റ് ഫോൺപേ, ലോജിസ്റ്റിക്സ് സ്ഥാപനമായ എകാർട്ട് എന്നിവ ഉൾപ്പെടുന്ന മുഴുവൻ ഗ്രൂപ്പിന്റെയും സിഇഒ ആയി ബിന്നി ബൻസാൽ ചുമതലയേറ്റു.
ഇന്ന് ഫ്ലിപ്കാർട്ട് നിക്ഷേപകനായ ടൈഗർ ഗ്ലോബലിൽ എക്സിക്യൂട്ടീവ് ആയിരുന്ന കല്യാൺ കൃഷ്ണമൂർത്തിയാണ് ഫ്ലിപ്കാർട്ട് സിഇഒ. നിലവിൽ ഫ്ലിപ്കാർട്ടിന് മൊത്തം 70,844 കോടി വരുമാനമുണ്ടെന്നാണ് റിപ്പോർട്ട്