Gold as Second largest reserve asset: യൂറോ വീണു, ലോക ബാങ്കുകൾക്ക് പ്രിയം സ്വർണത്തോട്; ഇനി എന്ത് സംഭവിക്കും?
Gold as Second largest reserve asset: കേന്ദ്ര ബാങ്കുകൾ പേപ്പർ കറൻസികളേക്കാൾ സ്വർണ്ണത്തിന് മുൻഗണന നൽകി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അതിനാൽ ഈ റിപ്പോർട്ട് തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
യൂറോയെ മറികടന്ന് സ്വർണം ലോകരാജ്യങ്ങളുടെ വിദേശനാണ്യ കരുതൽ ധനശേഖരണത്തിൽ രണ്ടാം സ്ഥാനത്തെത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള കരുതൽ ശേഖരത്തിന്റെ 46 ശതമാനം വരുന്ന യുഎസ് ഡോളറാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്വർണ്ണം 20 ശതമാനമായി ഉയർന്നപ്പോൾ 16 ശതമാനവുമായി യൂറോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേന്ദ്ര ബാങ്കുകൾ പേപ്പർ കറൻസികളേക്കാൾ സ്വർണ്ണത്തിന് മുൻഗണന നൽകി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. അതിനാൽ ഈ റിപ്പോർട്ട് തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാൻ കഴിയില്ല. 2022, 2023, 2024 വർഷങ്ങളുടെ കണക്കെടുത്താൽ ഓരോ വർഷവും 1,000 ടണ്ണിലധികം സ്വർണ്ണമാണ് ലോകബാങ്കുകൾ വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദശകത്തിലെ വാർഷിക ശരാശരിയായ 400-500 ടണ്ണിന്റെ ഇരട്ടിയിലധികം വർധവനാണ് ഉണ്ടായിരിക്കുന്നത്.
ആഗോളതലത്തിൽ, 36,000 ടണ്ണിലധികം സ്വർണ നിക്ഷേപമാണ് ലോകബാങ്കുകളുടെ കൈവശം ഉള്ളത്. ഇതിൽ യുഎസ് സെൻട്രൽ ബാങ്കിന്റെ കൈവശമാണ് ഏറ്റവും ഉയർന്ന സ്വർണ്ണ നിക്ഷേപം, 8,133.46 ടൺ. എന്നാൽ 2025 ലെ ആദ്യ പാദത്തിൽ അവർ പുതിയ വാങ്ങലുകൾ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം 2025 മാർച്ച് ആദ്യ പാദത്തിൽ വാങ്ങിയ 3.42 ടൺ സ്വർണ്ണം കൂടി ചേർത്ത് ആകെ 879.60 ടൺ സ്വർണമാണ് ഇന്ത്യയുടെ കൈവശമുള്ളത്.
ALSO READ: മ്യൂച്വല്‍ ഫണ്ട് ഉടമ മരിച്ച് പോയാല്‍ യൂണിറ്റുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കുമോ?
സ്വർണ നിരക്ക്
വേൾഡ് ഗോൾഡ് കൗൺസിലിന്റെ പുതിയ സർവേ അനുസരിച്ച് 95% കേന്ദ്ര ബാങ്കുകളും അടുത്ത 12 മാസത്തിനുള്ളിൽ തങ്ങളുടെ സ്വർണ്ണ ശേഖരം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്ര ബാങ്കുകൾ സ്വർണ്ണത്തെ ഒരു കരുതൽ ആസ്തിയായി കരുതുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളെയും കറൻസി അപകടസാധ്യതകളെയും പോലുള്ള അനിശ്ചിതമായ സമയങ്ങളിൽ, സ്വർണ്ണത്തിന്റെ പ്രസക്തി വർധിക്കുകയാണ്. കരുതൽ ശേഖരത്തിൽ യുഎസ് ഡോളർ ആധിപത്യം പുലർത്തുന്നത് തുടരുകയാണെങ്കിലും അതിൽ ക്രമേണ ഇടിവ് സംഭവിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി സമ്മതിച്ചിട്ടുണ്ട്.
നിലവിൽ സ്വർണ്ണം 3,350 ഡോളർ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായ 3,500 ഡോളറിൽ നിന്ന് വെറും 4 ശതമാനം മാത്രമാണ് കുറവ്. 2022 ഒക്ടോബറിൽ 1,500 ഡോളറായി സ്വർണവില രേഖപ്പെടുത്തിയത് മുതലാണ് സ്വർണ്ണ നിരക്ക് കുതിച്ചത്. 120% വർധവനാണ് ഉണ്ടായത്. എന്നിരുന്നാലും, സ്വർണ്ണത്തിന് ‘ക്ഷീണം’ അനുഭവപ്പെടുന്നുണ്ടെന്നും പുതിയ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ, സ്വർണവില കുറയുമെന്നുമാണ് വിദഗ്ധർ വിശ്വസിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സ്വർണ്ണത്തിന് 20% ത്തിലധികം വില വർദ്ധിച്ചു. 2025 ൽ ഇതുവരെ 27% വർധവവുണ്ടായി. 2025 ൽ സ്വർണ്ണ വില കുതിക്കാൻ പ്രധാന കാരണം ട്രംപിന്റെ താരിഫുകളാണ്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധവും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതുമാണ്. 2026 ന്റെ രണ്ടാം പകുതിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന പരസ്പര താരിഫുകളും വെല്ലുവിളിയാണ്.
ALSO READ: പിഎം കിസാന്‍ 20ാം ഗഡു വാങ്ങേണ്ടേ? ഇ കെ വൈസി നിര്‍ബന്ധം, എങ്ങനെ ചെയ്യാം
ഇസ്രായേൽ-ഇറാൻ സംഘർഷം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ, ഭൗമരാഷ്ട്രീയം തിളച്ചുമറിയുന്ന ഘട്ടത്തിലാണ്. യുഎസിന്റെ നേരിട്ടുള്ള ഏതൊരു ഇടപെടലും പ്രതിസന്ധി വർദ്ധിപ്പിക്കുകയും സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ, പിടിച്ച് നിൽക്കാൻ സഹായിക്കുന്ന ചുരുക്കം ചില ആസ്തികളിൽ ഒന്നാണ് സ്വർണ്ണം.
സ്വർണ്ണ നിക്ഷേപത്തിന് ഉചിതമായ സമയമാണോ?
നിക്ഷേപകർക്ക് അവരുടെ പോർട്ട്ഫോളിയോയുടെ ഏകദേശം 10% സ്വർണ്ണത്തിൽ നിക്ഷേപിക്കാമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ അഭിപ്രായപ്പെടുന്നു. എന്നാൽ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണ വില എത്തി നിൽക്കുന്നതിനാൽ ഈ സമയത്ത് നിക്ഷേപം നടത്തുന്നത് ഉചിതമാണോ?
ഉത്തരം ലളിതമാണ് – ദീർഘകാല നിക്ഷേപകർ സ്വർണ്ണത്തിൽ നിക്ഷേപം നടത്താമെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഏതൊരു ആസ്തിയെയും പോലെ, സ്വർണത്തിലും കുറച്ച് കാലത്തേക്ക് വിലകളിൽ തിരുത്തലുകൾ ഉണ്ടായേക്കാം. എന്നാൽ അനിശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും പുറമേ സ്വർണ്ണം ദീർഘകാല സംരക്ഷണം നൽകുന്നതാണ്.