KSFE Samruddhi Gift Card: ഓണം കെങ്കേമം! കെഎസ്എഫ്ഇയുടെ സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ് തരും വിലക്കുറവ്
KSFE Onam Gift Card 2025: ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് നിങ്ങള്‍ക്ക് ഈ സേവനം ആസ്വദിക്കാനാകുന്നത്. കെഎസ്എഫ്ഇയുടെ ഏത് ശാഖയില്‍ നിന്നും ഗിഫ്റ്റ് കാര്‍ഡുകള്‍ കൈപ്പറ്റാം. എന്നാല്‍ അതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ഓണം സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ്
കെഎസ്എഫ്ഇ ഈ വര്‍ഷത്തെ ഓണത്തിന് അവതരിപ്പിച്ചിരിക്കുന്നത് അത്യുഗ്രന്‍ സമ്മാന പദ്ധതികളാണ്. കെഎസ്എഫ്ഇ ട്രില്യണ്‍ ബിസിനസ് കൈവരിച്ചതിന്റെ ഭാഗമായാണ് ജനങ്ങള്‍ക്ക് ഓണസമ്മാനം നല്‍കുന്നത്. ഇത്തവണത്തെ ഓണത്തിന് സപ്ലൈകോയുമായി ചേര്‍ന്ന് ഒരു ഗിഫ്റ്റ് കാര്‍ഡ് തന്നെ കെഎസ്എഫ്ഇ പുറത്തിറക്കിയിരിക്കുന്നു.
ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് നിങ്ങള്‍ക്ക് ഈ സേവനം ആസ്വദിക്കാനാകുന്നത്. കെഎസ്എഫ്ഇയുടെ ഏത് ശാഖയില്‍ നിന്നും ഗിഫ്റ്റ് കാര്‍ഡുകള്‍ കൈപ്പറ്റാം. എന്നാല്‍ അതിനായി ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതുണ്ട്.
- ഇക്കാലയളവില്‍ ഏതെങ്കിലും ഒരു ശാഖയിലെത്തി പുതിയ ചിട്ടിയില്‍ ചേര്‍ന്ന് പണമടയ്ക്കണം.
- ഇങ്ങനെ ചെയ്യുന്നവരില്‍ നിന്ന് 2 പേരെ ദിവസവും നറുക്കിട്ട് തീരുമാനിക്കും.
- ഇവര്‍ക്ക് 1,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളാണ് ലഭിക്കുക.
- ഈ കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്.
ഓരോ ദിവസവും ചിട്ടിയില്‍ ചേരുന്നവരുടെ കൂട്ടത്തില്‍ നിന്നാണ് ഗിഫ്റ്റ് കാര്‍ഡിനുള്ള ഭാഗ്യാശാലിയെ തിരഞ്ഞെടുക്കുന്നത്. തലേദിവസം ചിട്ടിയില്‍ ചേര്‍ന്ന ആളുകളില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ ശാഖയില്‍ പ്രദര്‍ശിപ്പിക്കും.
എന്നാല്‍ ചിട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം കുറവാണെങ്കില്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല. ഒരു ദിവസം രണ്ടുപേര്‍ മാത്രമാണ് ചിട്ടിയില്‍ ചേര്‍ന്നതെങ്കില്‍ നറുക്കെടുക്കാതെ തന്നെ അവര്‍ക്ക് ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനിക്കും. ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്.
എന്നാല്‍ കെഎസ്എഫ്ഇ ജീവനക്കാര്‍, ഏജന്റുമാര്‍, ഗോള്‍ഡ് അപ്രൈസര്‍മാര്‍ എന്നിവര്‍ക്കൊരിക്കലും ഗിഫ്റ്റ് കാര്‍ഡ് ലഭിക്കില്ല. കൈവശമുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ പുതിയത് നല്‍കില്ലെന്നും കെഎസ്എഫ്ഇ അറിയിച്ചിട്ടുണ്ട്.