Kerala Plus One Result 2025: കാത്തിരിപ്പിന് വിരാമം, പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍, തീയതി പുറത്ത്
Kerala Plus One Result 2025 Date Details: വലിയ കാലതാമസമില്ലാതെ ഫലപ്രഖ്യാപനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിക്കും. മൂല്യനിര്‍ണയം, ടാബുലേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഫലപ്രഖ്യാപനത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലേക്ക് കടക്കുകയാണെന്നാണ് സൂചന

പ്രതീകാത്മക ചിത്രം
വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ജൂണില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 28നാണ് റിസല്‍ട്ട് പുറത്തുവിട്ടത്. അതുകൊണ്ട്, ഈ വര്‍ഷവും മെയില്‍ ഫലപ്രഖ്യാപനം നടത്തുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.
2024നെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനത്തില്‍ നേരിയ കാലതാമസമുണ്ടായി. പ്ലസ്ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കേണ്ടി വന്നതും, ഈ രണ്ട് പരീക്ഷകളുടെ റീവാല്യുവേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതുമാണ് ഇതിന് കാരണം.
എങ്കിലും വലിയ കാലതാമസമില്ലാതെ ഫലപ്രഖ്യാപനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് സാധിക്കും. മൂല്യനിര്‍ണയം, ടാബുലേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഫലപ്രഖ്യാപനത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലേക്ക് കടക്കുകയാണെന്നാണ് സൂചന. 4,13,589 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രധാന പരീക്ഷകളില്‍ ഇനി പ്ലസ് വണ്‍ റിസള്‍ട്ട് മാത്രമാണ് വരാനുള്ളത്. എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ 10, സിബിഎസ്ഇ 12 പരീക്ഷകളുടെ ഫലപ്രഖ്യാപനം നേരത്തെ നടത്തിയിരുന്നു.
പ്ലസ് വണ്‍ ഫലം എങ്ങനെ പരിശോധിക്കാം?
results.hse.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാനാകും.