Kerala PSC Secretariat Assistant Exam 2025: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ; ആദ്യഘട്ടം 24ന്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Kerala PSC Secretariat Assistant Preliminary Examination 2025 Details: ജൂണ്‍ 28നാണ് രണ്ടാം ഘട്ട പരീക്ഷ. രണ്ടാം ഘട്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 13 മുതല്‍ ലഭ്യമാകും. മെയ് 13 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു പിഎസ്‌സിയുടെ അറിയിപ്പ്. ഇത് പിഴവ് സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ

പ്രതീകാത്മക ചിത്രം
സെക്രട്ടേറിയറ്റ്, പിഎസ്‌സി, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ആദ്യഘട്ടം മെയ് 24ന് നടക്കും. ആദ്യഘട്ടത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 4,579,00 പേരാണ് അയച്ചിരിക്കുന്നത്. ഇതില്‍ 2,25,369 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷ നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് പരീക്ഷ നടത്തും. ജൂണ്‍ 28നാണ് രണ്ടാം ഘട്ട പരീക്ഷ. രണ്ടാം ഘട്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 13 മുതല്‍ ലഭ്യമാകും. മെയ് 13 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു പിഎസ്‌സിയുടെ അറിയിപ്പ്. ഇത് പിഴവ് സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.
എന്തൊക്കെ കൊണ്ടുപോകണം?
അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ വായിക്കണം. അഡ്മിറ്റ് കാര്‍ഡ്, അംഗീകൃത തിരിച്ചറിയല്‍ രേഖ, പേന എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുപോകണം. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ അടക്കമുള്ള നിരോധിത വസ്തുക്കളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കരുത്. ഇത് ക്ലോക്ക് റൂമില്‍ സൂക്ഷിക്കണം. ഒഎംആര്‍ പരീക്ഷയാണ്. 1.15 മണിക്കൂറാണ് ദൈര്‍ഘ്യം.
സിലബസ്
ജനറല്‍ നോളജ്, സിമ്പിള്‍ അരിഥ്‌മെറ്റിക്, മെന്റല്‍ എബിലിറ്റി, റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നീ വിഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടായേക്കും. ജനറല്‍ നോളജില്‍ ഹിസ്റ്ററി, ജോഗ്രഫി, ഇക്കോണമിക്‌സ്, സിവിക്‌സ്, ഭരണഘടന, ആര്‍ട്ട്‌സ്, കള്‍ച്ചര്‍, സ്‌പോര്‍ട്‌സ്, കമ്പ്യൂട്ടര്‍, സയന്‍സ്, ടെക്‌നോളജി എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിശീലിക്കുന്നത് നല്ലതാണ്. കറന്റ് അഫയേഴ്‌സ് നോക്കുന്നതും ഉപകാരപ്പെടും.
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
കോട്ടയം ജില്ലയിലെ 1443 നമ്പര്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വരുത്തിയതായി പിഎസ്‌സി അറിയിച്ചു. 1100274-1100473 രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വൈക്കം ടിവി പുരം ഗവ. എച്ച്എസ്എസില്‍ പരീക്ഷ നടത്തും. നേരത്തെ വൈക്കം ഗവ. ബോയ്‌സ് എച്ച്എസ്എസിലാണ് ഇവര്‍ക്ക് പരീക്ഷ നിശ്ചയിച്ചിരുന്നത്. അഡ്മിഷന്‍ ടിക്കറ്റുമായി പുതിയ കേന്ദ്രത്തിലെത്തി പരീക്ഷ എഴുതണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് പിഎസ്‌സി നിര്‍ദ്ദേശിച്ചു.
മെയിന്‍ പരീക്ഷ ഉടന്‍
ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിലായി മെയിന്‍ പരീക്ഷ നടത്താനാണ് തീരുമാനം. രണ്ട് പേപ്പറുകളാണ് മെയിന്‍ പരീക്ഷയ്ക്കുള്ളത്. തുടര്‍ന്ന് അഭിമുഖവുമുണ്ടാകും. അടുത്ത ഏപ്രിലിലാകും റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നത്. 39,300-83,000 ആണ് അടിസ്ഥാന ശമ്പളം.