NEET UG Dress Code 2025: നീറ്റ് പരീക്ഷയ്ക്ക് ഷൂസിട്ട് പോകാമോ? എന്തൊക്കെ ധരിക്കാം?
NEET UG 2025 dress code details in Malayalam: പരീക്ഷാ കേന്ദ്രത്തില്‍ നിരവധി വസ്തുക്കള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തില്‍ വാച്ചുമായി പ്രവേശിക്കരുത്. ഒരു തരത്തിലുള്ള മെറ്റലുകളുമായും പ്രവേശിക്കാന്‍ പാടില്ല. അത് ആഭരണങ്ങളാണെങ്കില്‍ പോലും അനുവദനീയമല്ല

പ്രതീകാത്മക ചിത്രം
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2025 പരീക്ഷ മെയ് നാലിന് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഡ്രസ് കോഡിലടക്കം പരീക്ഷ എഴുതുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരീക്ഷാ കേന്ദ്രത്തില്‍ നിരവധി വസ്തുക്കള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തില്‍ വാച്ചുമായി പ്രവേശിക്കരുത്. ഒരു തരത്തിലുള്ള മെറ്റലുകളുമായും പ്രവേശിക്കാന്‍ പാടില്ല. അത് ആഭരണങ്ങളാണെങ്കില്‍ പോലും അനുവദനീയമല്ല. പേപ്പര്‍ത്തുണ്ടുകള്‍, കാല്‍ക്കുലേറ്റര്‍, റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ്, ലോഗരിതം ടേബിള്‍, ഹാന്‍ഡ്ബാഗ്, ക്യാമറ, ആഹാരപദാര്‍ത്ഥങ്ങള്‍, ബ്ലൂടൂത്ത് ഡിവൈസ് തുടങ്ങിയവയും കൊണ്ടുപോകരുത്. ഡ്രസ്‌കോഡുകളെക്കുറിച്ച് നോക്കാം.
ആണ്‍കുട്ടികള്‍
ഇളംനിറത്തിലുള്ള പാന്റ്‌സ് ധരിക്കാം. ധാരാളം പോക്കറ്റുകളോ വലിയ ബട്ടണോ പാടില്ല. കുര്‍ത്തയും, പൈജാമയും ഒഴിവാക്കണം. ഷൂ പാടില്ല. സാധാരണ ചെരിപ്പ് ധരിക്കാം. തൊപ്പി, ബ്രേസ്‌ലെറ്റ് തുടങ്ങിയവയും പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കണ്ണടയാകാം. കോളര്‍ ഷര്‍ട്ടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഇളംനിറത്തിലുള്ള ഷര്‍ട്ടോ, ടീഷര്‍ട്ടോ ധരിക്കാം. ഹാഫ് സ്ലീവാണ് അഭികാമ്യം. ഫുള്‍ സ്ലീവ് ഷര്‍ട്ടുകളും ഒഴിവാക്കുക. അധികം അക്ഷരങ്ങളില്ലാത്ത ടിഷര്‍ട്ടുകളാണ് നല്ലത്. ജീന്‍സുകള്‍ക്ക് പകരം സിമ്പിള്‍ പാന്റുകളാകും ഉചിതം. ഒരുപാട് പോക്കറ്റുകളില്ലാത്ത വസ്ത്രം ധരിക്കുന്നതാണ് ഉചിതം.
പെണ്‍കുട്ടികള്‍
മെറ്റല്‍ വസ്തുക്കള്‍ ധരിച്ച് മുടി കെട്ടാതിരിക്കുക. സിമ്പിളായ റബര്‍ബാന്‍ഡടക്കം ഇതിനായി ഉപയോഗിക്കാം. പാദസരമടക്കം ഒഴിവാക്കണം. ഷൂസ് ഒഴിവാക്കണം. പെണ്‍കുട്ടികള്‍ക്കും ഇളംനിറത്തിലുള്ള വസ്ത്രമാണ് ഉചിതം. വസ്ത്രങ്ങളില്‍ അക്ഷരങ്ങളുള്ള പ്രിന്റിങ്, വലിയ ബട്ടണ്‍ തുടങ്ങിയവ ഉണ്ടാകരുത്.
ഹൈഹീല്‍ ചെരിപ്പ്, ഷൂ എന്നിവ ഒഴിവാക്കുക. ഷാളും, ദുപ്പട്ടയുമൊക്കെ ഒഴിവാക്കുക. മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാം. എന്നാല്‍ ഇത്തരക്കാര്‍ നേരത്തെ പരീക്ഷാ കേന്ദ്രത്തിലെത്തണം. മോതിരം, കമ്മല്‍ തുടങ്ങിയവ ഒഴിവാക്കണം. ഹാഫ് സ്ലീവാണ് അഭികാമ്യം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കണ്ണടയാകാം.