UPSC CDS Exam 2026: ആര്‍മിയിലും, എയര്‍ഫോഴ്‌സിലും, നേവിയിലും ഒഴിവുകള്‍; കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
Union Public Service Commission Combined Defence Services Examination I 2026 Notification: യുപിഎസ്‌സി സിഡിഎസ് പരീക്ഷ I 2026 ന്റെ വിജ്ഞാപനം പുറത്തിറക്കി. ആകെ 451 ഒഴിവുകളുണ്ട്. ഡിസംബര്‍ 30ന് വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം

UPSC
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷ I 2026 ന്റെ വിജ്ഞാപനം പുറത്തിറക്കി. ആകെ 451 ഒഴിവുകളുണ്ട്. ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി-100, ഏഴിമല നാവിക അക്കാദമി-26, ഹൈദരാബാദ് എയര്‍ഫോഴ്‌സ് അക്കാദമി-32, ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എസ്എസ്‌സി (മെന്‍)-275, ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എസ്എസ്‌സി (വിമന്‍)-18 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഐഎംഎ, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നു ബിരുദമോ, തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം.
ബിരുദമോ (പ്ലസ്ടുവില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചിരിക്കണം) അല്ലെങ്കില്‍ എഞ്ചിനീയറിങ് ബിരുദമോ ഉള്ളവര്‍ക്ക് എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 200 രൂപ ഫീസ് അടയ്ക്കണം. വനിതകള്‍, എസ്‌സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസ് വേണ്ട.
അപേക്ഷിക്കേണ്ടത് എങ്ങനെ?
https://upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് upsc.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം.
ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗാർത്ഥികൾക്ക് വായിക്കാം. ഹോം പേജിലെ മെനു ബാറിൽ ഈ നിർദ്ദേശങ്ങൾ ലഭ്യമാണ്. ഡിസംബര്‍ 30ന് വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം.