Asif Ali: ‘ചൂട് കിട്ടാന്‍ സാധ്യതയുള്ള പ്ലാനുകള്‍ എല്ലാവരും ചെയ്തിരുന്നു; ഞാന്‍ മാത്രമല്ല അങ്ങനെ കിടന്നത്’
Asif Ali about his vial picture: കേരളത്തിലെക്കാള്‍ കൂടുതല്‍ ഷൂട്ടിംഗ് കാണാന്‍ ആളുകള്‍ വരുന്നത് ഇപ്പോള്‍ യുഎഇയില്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. കേരളത്തില്‍ സ്ഥിരമായി ഷൂട്ടിംഗ് കാണുന്നതുകൊണ്ടും, നമ്മളെ സ്ഥിരമായി കാണുന്നതുകൊണ്ടും ആളുകള്‍ക്ക് എക്‌സൈറ്റ്‌മെന്റ് ഭീകരമായിട്ടൊന്നും തോന്നാറില്ലെന്നും ആസിഫ്
ആസിഫ് അലി കേന്ദ്രകഥാപാത്രത്തിലെത്തിയ പുതിയ ചിത്രമാണ് സര്‍ക്കീട്ട്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഈ സിനിമയുടെ ഷൂട്ടിങിനിടെ ആസിഫ് അലി യുഎഇയില്‍ തറയില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ആ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് എന്തെന്ന് താരം വെളിപ്പെടുത്തി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന പ്രസ് മീറ്റിലാണ് താരം വൈറല്‍ ഫോട്ടോയെക്കുറിച്ച് സംസാരിച്ചത്. യുഎഇയില്‍ ഷൂട്ട് ചെയ്തത് ഡിസംബറിലാണെന്ന് താരം പറഞ്ഞു. യുഎഇയെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് ചൂടാണ് ഓര്‍മ്മ വരുന്നത്. എന്നാല്‍ നവംബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് അതിഭീകര തണുപ്പുണ്ട് യുഎഇയില്‍. തണുപ്പത്താണ് ഷൂട്ട് ചെയ്തത്. വെളുപ്പിന് രണ്ടര മൂന്ന് മണി സമയത്താണ് ആ സീന്‍ ഷൂട്ട് ചെയ്തതെന്നും താരം വെളിപ്പെടുത്തി.
”അവിടെ 12 നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലാണ് ഷൂട്ട് ചെയ്തത്. നല്ല തണുപ്പായിരുന്നു. ഞാന്‍ മാത്രമല്ല, എല്ലാവരും ഇതുപോലെ തന്നെയായിരുന്നു. ചൂട് കിട്ടാന്‍ സാധ്യതയുള്ള എല്ലാ പ്ലാനുകളും എല്ലാവരും ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെ കിടക്കുന്നത് കണ്ടപ്പോഴുള്ള ക്യൂരിയോസിറ്റിയില്‍ എടുത്ത ഫോട്ടോയാണത്. അല്ലാതെ ഞാന്‍ മാത്രമല്ല അവിടെ അങ്ങനെ കിടന്നത്. ഒരു ഷൂട്ടിങിന് വേണ്ടി എല്ലാ രീതിയിലും സഹകരിക്കുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്”-ആസിഫ് അലിയുടെ വാക്കുകള്‍.
ഒരു ഷോട്ട് കഴിഞ്ഞിട്ട് ഇവിടെ ഭയങ്കര തണുപ്പാണെന്നും പറഞ്ഞ് 12 നില നടന്ന് താഴെയിറങ്ങി കാരവനില്‍ പോയി ഇരുന്നിട്ട്, ഷോട്ടിന് വിളിക്കുമ്പോള്‍ ഈ 12 നില വീണ്ടും നടന്ന് മുകളിലേക്ക് കയറി വരുന്നത് തനിക്കും ഫുള്‍ ക്രൂവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തങ്ങള്‍ കണ്ട ഒരു ടെമ്പററി ഷെല്‍ട്ടറാണത്. അത് ഭയങ്കര കാര്യമുള്ള കാര്യമൊന്നുമല്ല. സിനിമയുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ നടന്മാരും ചെയ്യുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങളാണതെന്നും ആസിഫ് അലി പറഞ്ഞു.




ഗള്‍ഫിലെ ഷൂട്ടിങിന്റെ വ്യത്യാസം
ഷൂട്ടിംഗ് ടൈമില്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി അങ്ങനെയൊന്നും യുഎഇയില്‍ ഫീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു കേരളത്തിലെ ഷൂട്ടിംഗിനെ അപേക്ഷിച്ച് ഗള്‍ഫില്‍ ഷൂട്ടിംഗിന് എത്തിയപ്പോള്‍ എത്രത്തോളം സ്ട്രഗിള്‍ ഈ സിനിമയ്ക്ക് വേണ്ടി നേരിട്ടുവെന്ന ചോദ്യത്തോട് ആസിഫ് പ്രതികരിച്ചത്. കേരളത്തിലെക്കാള്‍ കൂടുതല്‍ ഷൂട്ടിംഗ് കാണാന്‍ ആളുകള്‍ വരുന്നത് ഇപ്പോള്‍ യുഎഇയില്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. കേരളത്തില്‍ സ്ഥിരമായി ഷൂട്ടിംഗ് കാണുന്നതുകൊണ്ടും, നമ്മളെ സ്ഥിരമായി കാണുന്നതുകൊണ്ടും ആളുകള്‍ക്ക് എക്‌സൈറ്റ്‌മെന്റ് ഭീകരമായിട്ടൊന്നും തോന്നാറില്ലെന്നും താരം വ്യക്തമാക്കി.
നമുക്കറിയാവുന്ന ഒരുപാട് പ്രവാസികള്‍, ഒരുപാട് മലയാളികള്‍ ഉള്ള ഒരു സ്ഥലമാണ് യുഎഇ. ഒരു നടന്‍ എന്നുള്ളതിനെക്കാള്‍ കൂടുതല്‍ പരിചയമുള്ള ഒരാള്‍ നാട്ടില്‍ നിന്ന് വന്നിട്ടുണ്ട് എന്ന നിലയില്‍ ഒരു സ്‌നേഹവും അടുപ്പവും ഫീല്‍ ചെയ്യുന്നതുകൊണ്ടാണ് അവിടെ കൂടുതല്‍ പേര്‍ ഷൂട്ടിംഗ് കാണാന്‍ വരുന്നത്. പ്രത്യേകിച്ച്, നൈറ്റ് സീക്വന്‍സ് ഒക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അവരുടെ ജോലി കഴിഞ്ഞ് വന്നിട്ട് വെളുക്കുവോളം ആ ഷൂട്ടിംഗ് കാണാന്‍ നിന്നിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞാണ് തങ്ങളുടെ കൂടെ ഫോട്ടോ എടുക്കാനും സംസാരിക്കാനും നിന്നത്. പല സമയത്തും ഭക്ഷണം കൊണ്ടുവന്നു തന്നിട്ടുണ്ട്. ചെറിയ ഗിഫ്റ്റുകള്‍ കൊണ്ടവന്നു തന്നിട്ടുണ്ട്. അതൊക്കെയാണ് തനിക്ക് ഒരു വ്യത്യാസം ഫീല്‍ ചെയ്തതെന്നും ആസിഫ് അലി പറഞ്ഞു.