Bigg Boss Malayalam Season 7: ‘മനസ്സിൽ പ്രണയം കയറിയപ്പോൾ നീ ചെറുപ്പമായി’; അടുക്കളയിൽ അനുരാഗത്തിൻ്റെ ദിനങ്ങൾ
Shanavas And Aneesh In Bigg Boss: അക്രമം നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ബിബി ഹൗസിൽ സന്തോഷത്തിൻ്റെ നിമിഷങ്ങൾ. അടുക്കളയിൽ വച്ചുള്ള ദൃശ്യങ്ങൾ വൈറലാണ്.

അനീഷ്, അനുമോൾ
ബിഗ് ബോസ് ഹൗസിൽ അനുരാഗത്തിൻ്റെ ദിനങ്ങൾ. കിച്ചൺ ഡ്യൂട്ടിക്കിടെ അനുമോളും അനീഷും തമ്മിലുള്ള രംഗങ്ങളിൽ പ്രണയമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൻ്റെ കമൻ്റ് ബോക്സിൽ അനീഷ്, ഷാനവാസ്, അനുമോൾ ആരാധകർ ഒരുപോലെ കമൻ്റിടുകയാണ്.
അനുമോളും അനീഷും അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കെ സാരി ഉടുത്ത് നൂറ അവിടേക്കെത്തുന്നു. ഇതോടെ അനീഷ് നൂറയെത്തന്നെ നോക്കുന്നു. “എന്താ ചേട്ടാ, കണ്ണ് തള്ളി നോക്കിനിൽക്കുന്നത്” എന്ന് നൂറ ചോദിക്കുമ്പോൾ “ഇനി ഞാൻ ആരെ നോക്കും എന്നാണ് കൺഫ്യൂഷൻ” എന്നാണ് അനീഷിൻ്റെ മറുപടി. നൂറയും അനുമോളും ആദിലയും സാരിയണിഞ്ഞാണ് ഇന്ന് ബിബി ഹൗസിൽ നിൽക്കുന്നത്. ഇതിനിടെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഷാനവാസ് ഇടപെടുന്നു. “ഈയിടെയായി കുറച്ച് അട്രാക്ഷൻ കൂടുന്നുണ്ട്” എന്ന് ഷാനവാസ് പറയുമ്പോൾ എല്ലാവരും ചിരിക്കുകയാണ്.
“ഒരു ലേഡിയെ മാത്രം കിച്ചൺ ടീമിൽ ഇട്ടാൽ മതിയായിരുന്നു” എന്നാണ് അനീഷ് തുടർന്ന് പറയുന്നത്. ഇതോടെ “അനുമോൾ അനീഷേട്ടൻ്റെ ടീമിൽ വന്നാലേ അനീഷേട്ടന് വർക്ക് ചെയ്യാൻ പറ്റൂ” എന്ന് ആദില പറയുന്നു. ഇത് കേട്ട് “നിങ്ങളൊരു 15 ദിവസം ക്ഷമിക്കൂ” എന്നാണ് ഷാനവാസ് പറയുന്നത്. “മനസ്സിൽ പ്രണയം കയറിയപ്പോൾ നീ ചെറുപ്പമായടാ” എന്ന ഷാനവാസിൻ്റെ പ്രതികരണം കേൾക്കുന്ന അനീഷ് അത് ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം.
പകയും വഴക്കും നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം മത്സരാർത്ഥികൾ തമ്മിലുള്ള സ്നേഹം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം ആര്യൻ ബിബി ഹൗസിൽ നിന്ന് പുറത്തായിരുന്നു. മേല്പറഞ്ഞവരെ കൂടാതെ അക്ബർ, നെവിൻ എന്നിവരും ഹൗസിലുണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ച് നൂറ ഫൈനലിൽ എത്തിക്കഴിഞ്ഞു.