Bigg Boss Malayalam Season 7: കളിയരങ്ങിൽ തകർത്ത് മത്സരാർത്ഥികൾ; നന്നായി ചെയ്തിട്ടും അനീഷിൻ്റെ ടീമിനെ തഴഞ്ഞെന്ന് വിമർശനം
Kaliyarangu Task Controversy In Bigg Boss: ബിഗ് ബോസിലെ കളിയരങ്ങ് ടാസ്കുമായി ബന്ധപ്പെട്ട് വിവാദം. നന്നായി കളിച്ചിട്ടും അനീഷിൻ്റെ ടീമിനെ തഴഞ്ഞു എന്നാണ് വിമർശനം.

ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണിൽ രസകരമായ ടാസ്ക്. എല്ലാ സീസണിലുമുള്ള നൃത്ത ടാസ്കാണ് ഇത്തവണയും മത്സരാർത്ഥികൾക്ക് നൽകിയത്. കളിയരങ്ങ് എന്ന ടാസ്കിൻ്റെ പ്രമോ ഏഷ്യാനെറ്റ് തന്നെ തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു. ടാസ്കിനെപ്പറ്റിയുള്ള വിമർശനം കമൻ്റ് ബോക്സിൽ നിറയുകയാണ്.
വേദിയിൽ ഒറ്റയ്ക്കും ജോഡിയായും ഡാൻസ് ചെയ്യുന്നതും സ്കിറ്റ് അവതരിപ്പിക്കുന്നതുമൊക്കെയാണ് ടാസ്ക്. അക്ബർ ഖാൻ ഒറ്റയ്ക്ക് ഡാൻസ് ചെയ്യുമ്പോൾ ശൈത്യയും നൂറയും ജോഡിയായാണ് ഡാൻസ്. ഷാനവാസും നെവിനും മറ്റൊരു ജോഡി. ജിസേലും ജിസേലും ചേർന്ന ഡാൻസിൻ്റെ ചൂടൻ സ്റ്റെപ്പും പ്രമോയിൽ ഉണ്ട്. അപ്പാനി ശരത് – ബിന്നി ജോഡിയും ഡാൻസുമായി നിറയുന്നു.
പ്രൊമോ വിഡിയോ
അക്ബർ ഖാനും അനുമോളും ചേർന്ന് സ്കിറ്റ് ആണ് ചെയ്യുന്നത്. ‘എന്നെ കല്യാണം കഴിക്കുമോ’ എന്ന് അനുമോൾ ചോദിക്കുമ്പോൾ ‘എനിക്ക് നിന്നെ ഒരു നോട്ടമുണ്ടായിരുന്നു, പക്ഷേ എൻ്റെ നോട്ടം ശരിയല്ല എന്ന് നീ പറഞ്ഞതുകൊണ്ട്’ എന്ന അക്ബറിൻ്റെ മറുപടി ചിരി പടർത്തി.
ആറ് ടീമുകളായായിരുന്നു മത്സരം. ഇതിന് വിധികർത്താക്കളുമുണ്ടായിരുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള സ്ഥാനം ചർച്ച ചെയ്ത് തീരുമാനിക്കാൻ ബിഗ് ബോസ് നിർദ്ദേശിച്ചു. കലാഭവൻ സരിഗ, ഒനീൽ സാബു, റെന ഫാത്തിമ, രേണു സുധി, അനീഷ്, ശാരിക കെബി എന്നിവരായിരുന്നു വിധികർത്താക്കൾ. ഇവർ തമ്മിൽ ചർച്ചചെയ്താണ് സ്ഥാനം തീരുമാനിച്ചത്. എന്നാൽ, ഈ വിധിയിൽ അനീഷ് തൃപ്തനല്ലെന്ന് പ്രമോയിൽ തന്നെ സൂചനയുണ്ട്. അനീഷ് എതിർ സ്വരമുയർത്തുമ്പോൾ മറ്റുള്ളവർ ചേർന്ന് ഇതിനെ എതിർക്കുകയാണ്.
പ്രൊമോയുടെ കമൻ്റ് ബോക്സിൽ അനീഷിൻ്റെ ടീം നന്നായി ചെയ്തെന്നും വിധി മോശമായിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്. ആര്യനും ജിസേലും മൂന്നാം സ്ഥാനം അർഹിച്ചിരുന്നില്ലെന്നും ആരാധകർ പറയുന്നു.