Mammootty – Mohanlal: വസ്ത്രത്തിൻ്റെ കാര്യത്തിൽ മമ്മൂക്കയ്ക്ക് വെറൈറ്റിയാണ് വേണ്ടത്; ലാലേട്ടന് എന്തായാലും മതി: കോസ്റ്റ്യൂം ഡിസൈനർ സൂര്യപാർവതി
Surya Parvathy About Mammootty And Mohanlal: മമ്മൂട്ടിയും മോഹൻലാലും വസ്ത്രധാരണത്തിൻ്റെ കാര്യത്തിൽ വളരെ വ്യത്യസ്തരാണെന്ന് കോസ്റ്റ്യൂം ഡിസൈനർ സൂര്യപാർവതി. മമ്മൂട്ടിയ്ക്ക് വെറൈറ്റിയോടാണ് താത്പര്യമെന്നും അവർ പറഞ്ഞു.
മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും വസ്ത്രധാരണം വളരെ വ്യത്യസ്തമാണെന്ന് കോസ്റ്റ്യൂം ഡിസൈനർ സൂര്യപാർവതി. മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ വസ്ത്രങ്ങളോടാണ് താത്പര്യം. മുൻപ് കണ്ടിട്ടുള്ള വസ്ത്രമാണെങ്കിൽ ഇത് പഴയ ഫാഷനാണല്ലോ എന്ന് ചോദിക്കും. മോഹൻലാലിന് അങ്ങനെ ഡിമാൻഡുകളൊന്നുമില്ല. കഥാപാത്രത്തിന് യോജിക്കുന്ന ഏത് വസ്ത്രവും അദ്ദേഹം ധരിക്കുമെന്നും സൂര്യപാർവതി പറഞ്ഞു.
“വസ്ത്രത്തിൻ്റെ കാര്യത്തിൽ മമ്മൂട്ടിയ്ക്ക് വെറൈറ്റിയാണ് താത്പര്യം. യൂഷ്വൽ കാണുന്ന സംഭവമൊന്നും ഇഷ്ടമല്ല. പുള്ളി മുൻപ് കണ്ടിട്ടുള്ള സാധനം, ട്രെൻഡിൽ ആണെങ്കിൽ പോലും അത്ര ഇഷ്ടമല്ല. അത് സാറ് പറയും. ഡ്രസ് കൊണ്ടുപോയി കാണിക്കുമ്പോൾ ‘ഇതൊരു പഴയ ഫാഷനാണല്ലോ, ഇതൊകെ ഇപ്പോഴും ഉണ്ടോ’ എന്ന് ചോദിക്കും. അങ്ങനെ ഡിമാൻഡുകളുണ്ട്. ഏത് ഡ്രസിട്ടാലും ചേരുമെന്ന് തോന്നിയിട്ടുള്ളത് മമ്മൂട്ടി സാറിനാണ്.”- സൂര്യപാർവതി പറഞ്ഞു.
“ലാലേട്ടന് അങ്ങനെ ഒന്നുമില്ല. ഒരു ഡിമാൻഡും കാര്യങ്ങളുമില്ല. കഥാപാത്രത്തിന് യോജിക്കുന്നതാണെങ്കിൽ ഏത് വസ്ത്രവും പുള്ളിക്ക് വേറെ ഡിമാൻഡുകളൊന്നും ഉണ്ടാവില്ല. ഹലോയിലെ മോഹൻലാലിൻ്റെ മേക്കോവർ രസമായിരുന്നു. ആ സമയത്ത് ഷാജി കൈലാസിൻ്റെ ഒരു സിനിമയിൽ നിന്ന് വന്നപ്പോൾ വണ്ണമുണ്ടായിരുന്നു. തടി കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ ഒരു മാസം കൊണ്ട് മെലിഞ്ഞിട്ട് വന്നു.”- അവർ വിശദീകരിച്ചു.




മോഹൻലാലും നയൻതാരയും ഒരുമിച്ച വിസ്മയത്തുമ്പത്ത് എന്ന സിനിമയിലൂടെയാണ് സൂര്യപാർവതി കോസ്റ്റ്യൂം ഡിസൈനിങ് ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ അവർ പ്രവർത്തിച്ചു.
മമ്മൂട്ടിയുടെ വസ്ത്രധാരണം നേരത്തെ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. പുതിയ ട്രെൻഡുകൾ അവതരിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന മമ്മൂട്ടി വളരെ മുൻപ് തന്നെ വസ്ത്രധാരണത്തിൽ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്. സിനിമകളിലെ ട്രെൻഡുകൾക്കപ്പുറം സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി തൻ്റെ ഫാഷൻ അറിയിക്കാറുള്ളത്.
നിലവിൽ മമ്മൂട്ടിയും മ്മോഹൻലാലും മഹേഷ് നാരായണൻ്റെ സിനിമയിൽ അഭിനയിക്കുകയാണ്. അസുഖബാധയെ തുടർന്ന് മമ്മൂട്ടി കുറച്ചുകാലം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് താരം സിനിമയിൽ തിരികെ ജോയിൻ ചെയ്തു എന്നാണ് സൂചനകൾ. ഇരുവർക്കുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവരും അഭിനയിക്കുന്നു.