Gireesh Puthenchery: പ്രണയം എനിക്ക് പ്രതികാരം, ആദ്യ പ്രണയവും തന്റെ പാട്ടും തമ്മിലുള്ള ബന്ധപ്പറ്റി ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് .
Gireesh Puthenchery's love story: കരണത്തടിച്ച് ക്ലാസിനു വെളിയിലേക്ക് അയച്ച ആ അധ്യപകൻ പഠിപ്പിച്ചത് പ്രണയം തെറ്റാണെന്നായിരുന്നു. പിന്നീട് ധൈര്യത്തോടെ പ്രണയത്തെപ്പറ്റി ഓർക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഗിരീഷ് പറയുന്നത്. ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം.... എന്നെല്ലാം സംശയിക്കാനേ തന്റെ പ്രണയത്തിനു കഴിയൂ....

Gireesh Puthancheri
പാതിരാ വനമുല്ല ജാലകം വഴിയെന്റെ മോതിര വിരിലിൻമേൽ ഉമ്മവെച്ചു…
രാത്രിയിൽ മുല്ല പൂക്കുന്നതിനു ഇങ്ങനെ ഒരു ഭാവമോ? ഈ സങ്കൽപം പിറന്ന വിരലുകൾ മറ്റാരുടേയുമല്ല ഗിരീഷ് പുത്തഞ്ചേരിയുടേത് തന്നെ.
ഓരോ എഴുത്തുകാർക്കും ഓരോ ഭാവങ്ങളുണ്ട്. കൈതപ്രത്തിന് വാത്സല്യഭാവമാണെങ്കിൽ ഗിരീഷ് പുത്തഞ്ചേരിക്കത് പ്രണയമാണ്. ഇത്രയധികം പ്രണയത്തെ മനസ്സിലിട്ട് താലോലിക്കുന്ന ഒരു എഴുത്തുകാരൻ വേറെ ഉണ്ടോ എന്ന് സംശയമാണ്. അത്ര ആഴത്തിലുള്ളതാണ് ഗിരീഷിന്റെ ഓരോ വരികളും.
അങ്ങനെയുള്ള ഒരാളുടെ പ്രണയം എത്ര മനോഹരമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ നമ്മുടെ സങ്കൽപങ്ങളെ എല്ലാം പാടെ തെറ്റിച്ചുകൊണ്ടുള്ള ഒരു കഥയാണ് ഗിരീഷ് പങ്കുവെച്ചത്. മുളയ്ക്കും മുമ്പ് കരിഞ്ഞു പോയതാണ് തന്റെ ഉള്ളിലെ പ്രണയ സങ്കപമെന്ന് ഗിരീഷ് പറഞ്ഞിട്ടുണ്ട്. ഭയത്തിന്റെയും അപമാനത്തിന്റെയും മേലങ്കി നൽകിയ ഒരു പ്രണയത്തെപ്പറ്റി സംഗീത സമാഗമം എന്ന പരിപാടിയിലാണ് ഒരിക്കൽ ഗിരീഷ് പങ്കുവെച്ചത്.
എനിക്ക് പ്രണയമെന്നാൽ പ്രതികാരമാണെന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഗിരീഷ് നമ്മെ ഞെട്ടിക്കുന്നു. തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നേ നീ സിന്ദൂരരേണുവായി അണിഞ്ഞിരുന്നു… എന്ന് മനോഹരമായി വരച്ചിട്ട ആൾക്കെങ്ങനെ അത് പ്രതികാരമായി എന്ന് ചിന്തിക്കുമ്പോൾ അദ്ദേഹം തന്റെ ബാല്യകാല സ്മരണയിലേക്ക് നമ്മെ കൊണ്ടുപോകുന്നു.
ഹൈസ്കൂൾ കാലത്ത് മനസ്സിൽ കടന്നു കൂടിയ ഒരു സുന്ദരി. അവളോട് തോന്നിയ അനുരാഗം അറിയിക്കാൻ കണക്കു പുസ്തകത്തിൽ നിന്ന് ചീന്തിയെടുത്ത വെള്ളക്കടലാസിൽ ഒരു വരി എഴുതി നൽകി. നിന്നെ എനിക്കിഷ്ടമാണെന്ന ആ വാക്കുകൾ അവളിൽ നാണമോ സന്തോഷമോ വിരിയിച്ചില്ല. അവൾ ആ പേപ്പർ ഹെഡ്മാസ്റ്റർ കൂടിയായ അവളുടെ അച്ഛനെ ഏൽപിച്ചു. അവൾക്ക് ആ പേപ്പർ കീറിക്കളയാമായിരുന്നു. അല്ലെങ്കിൽ ഇഷ്ടമല്ലെന്നു പറയാമായിരുന്നു. പക്ഷെ അന്നത് ചെയ്തില്ല. അവളന്ന് ഒടിച്ചു കളഞ്ഞത് എന്റെ ആദ്യപ്രണയത്തിന്റെ മുളയായിരുന്നു എന്ന് അദ്ദേഹം വേദനയോടെ പറയുന്നു.
പ്രണയിക്കാറൊക്കെ ആയി ല്ലേ… എന്ന് ചോദിച്ച് കരണത്തടിച്ച് ക്ലാസിനു വെളിയിലേക്ക് അയച്ച ആ അധ്യപകൻ പഠിപ്പിച്ചത് പ്രണയം തെറ്റാണെന്നായിരുന്നു. പിന്നീട് ധൈര്യത്തോടെ പ്രണയത്തെപ്പറ്റി ഓർക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഗിരീഷ് പറയുന്നത്. ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം…. എന്നെല്ലാം സംശയിക്കാനേ തന്റെ പ്രണയത്തിനു കഴിയൂ….
നിലാവും മഴയും പ്രാവുമെല്ലാം തന്റെ പ്രിയ പ്രണയ സങ്കൽപങ്ങളായിരിക്കെ തന്നെ മനസ്സിലെ പ്രണയത്തെ സംശയത്തോടെയും ഭയത്തോടെയും പറയുന്ന അധീരനാണ് ഇത്ര മനോഹരമായി പ്രണയ സങ്കൽപങ്ങൾ വരികളിൽ നിറയ്ക്കുന്നത് എന്ന് അത്ഭുതത്തോടെയേ ഓർക്കാനാകൂ. മഴയത്ത് ചേമ്പില ചൂടി നടന്നവന് പ്രണയത്തോടെ അല്ലേ മഴയെ ഓർക്കാനാവൂ….എന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.
നിലാവിനെ കണ്ടാൽ വാരി ഉടുക്കാൻ തോന്നുന്ന അദ്ദേഹം പല വരികളിലും നിലാവിന്റെ നില ഭസ്മ കുറിയണിഞ്ഞ നായിക വന്നില്ലങ്കിലേ അത്ഭുതമുള്ളൂ. അത്രമേൽ പ്രണയത്തോടെ നോക്കുന്ന ഒരാൾക്കല്ലേ അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ അല്ലി നിലാവിനെ എടുത്തണിഞ്ഞു…എന്ന് പാടാനാകൂ…