Kalabhavan Rahman: അതുകൊണ്ടാകാം ഹാഷ്മി അങ്ങനെ പെരുമാറിയത്, മൈത്രേയന്‍ അറിവുള്ളയാളാണ്, പക്ഷേ
Kalabhavan Rahman about Hashmi Taj Ibrahim: ഹാഷ്മി അദ്ദേഹത്തിന്റെ പണി കൃത്യമായിട്ട് ചെയ്യുന്നുണ്ട്. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന് സ്വന്തം നിലപാടുണ്ട്. നമ്മള്‍ ഉപദേശിക്കേണ്ട കാര്യമില്ല. കാരണം വലിയ പുലികളുമായിട്ട് സംവാദം നടത്തുന്നയാളാണെന്നും റഹ്‌മാന്‍

കലാഭവന്‍ റഹ്‌മാന്‍, ഹാഷ്മി താജ് ഇബ്രാഹിം, മൈത്രേയന്‍
മാധ്യമപ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിമും, പൊതുപ്രവര്‍ത്തകനായ മൈത്രേയനും തമ്മില്‍ നടന്ന സംവാദത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയില്‍ അതിഥിയായെത്തിയ മൈത്രേയന്‍ അവതാരകനായ ഹാഷ്മിയെ മലര്‍ത്തിയടിച്ചു എന്ന തരത്തിലായിരുന്നു ഒരു അഭിപ്രായം. എന്നാല്‍ ഹാഷ്മിയെ അനുകൂലിച്ചും വാദങ്ങളുണ്ടായി. ഇപ്പോഴിതാ തന്റെ മരുമകന്‍ ഹാഷ്മിയുമായി ബന്ധപ്പെട്ട സംവാദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ കലാഭവന്‍ റഹ്‌മാന്‍.
മൈത്രേയന്‍ അറിവുള്ളയാളാണ്. പക്ഷേ, തനിക്ക് അറിവുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ക്ക് അറിവുണ്ടെന്ന് സ്വയമല്ല, മറ്റുള്ളവരാണ് പറയേണ്ടതെന്ന് റഹ്‌മാന്‍ പറഞ്ഞു. അതിന് കൃത്യമായിട്ട് രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കിയിരുന്നു. ഒരാളുടെയും അടുത്ത് ഹാഷ്മി മോശമായി സംസാരിക്കില്ല. മൈത്രേയന്‍ ഹാഷ്മിയോട് സംസാരിച്ച രീതി തന്നെ എന്തോ പോലെ എല്ലാവര്‍ക്കും തോന്നി. ‘താന്‍ മിണ്ടാതിരിക്ക്, തനിക്ക് വിവരമില്ല’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ പറയുന്നത് ബാലിശമാണ്. അദ്ദേഹത്തിന്റെ വിവരക്കേടായിട്ടാണ് തനിക്ക് അത് തോന്നിയതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.
ഹാഷ്മി അവിടെ ഒന്നും പ്രതികരിച്ചില്ല. എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് പലരും ചോദിച്ചു. അതാണ് വ്യത്യാസം. രാഹുല്‍ വന്നപ്പോള്‍ കൃത്യമായിട്ട് പറഞ്ഞു. പിന്നീട് കുറച്ചുനേരം മൈത്രേയന്‍ ഒന്നു ഒതുങ്ങിയതുപോലെയായി. പെട്ടെന്ന് ഷോക്ക് കിട്ടിയതുപോലെയായെന്നും റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.
ഒരു ചാനലിലാകുമ്പോള്‍ പരിമിതിയുണ്ടാകും. ഗസ്റ്റാകുമ്പോള്‍ പരിതി വിട്ട് പ്രതികരിക്കാനാകില്ല. മൈത്രേയന്‍ അവരുടെ ഗസ്റ്റായിട്ടാണ് വന്നത്. പേര് വിളിക്കാന്‍ ഹാഷ്മിക്ക് വേണമെങ്കില്‍ പറയാമായിരുന്നു. അദ്ദേഹത്തില്‍ നമ്മള്‍ കാണുന്ന ഗൗരവം ജീവിതത്തില്‍ തോന്നിയിട്ടില്ല. പുള്ളി സോഫ്റ്റായിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ടാകാം മൈത്രേയനോട് അങ്ങനെ പെരുമാറിയതെന്നും താരം വ്യക്തമാക്കി.
ഹാഷ്മി അദ്ദേഹത്തിന്റെ പണി കൃത്യമായിട്ട് ചെയ്യുന്നുണ്ട്. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന് സ്വന്തം നിലപാടുണ്ട്. നമ്മള്‍ ഉപദേശിക്കേണ്ട കാര്യമില്ല. കാരണം വലിയ പുലികളുമായിട്ട് സംവാദം നടത്തുന്നയാളാണ്. അത്തരത്തില്‍ കഴിവുള്ളയാളെ ഉപദേശിക്കേണ്ട കാര്യമില്ല. അഭിപ്രായങ്ങളൊക്കെ പറയാറുണ്ട്. അപ്പോള്‍ ‘ഓക്കെ, വാപ്പ’ എന്ന് പറയുമെന്നും റഹ്‌മാന്‍ പറഞ്ഞു. കൗമുദി മൂവിസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ റഹ്‌മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.