Khalid Al Ameri: യൂട്യൂബർ ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്; മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ നിർണായക വേഷം
Khalid Al Ameri In Chatha Pacha Movie: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരി മലയാള സിനിമയിൽ അരങ്ങേറുന്നു. 'ചത്ത പച്ച: ദ് റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിൽ താരം അഭിനയിക്കും.

ഖാലിദ് അൽ അമേരി
പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായരിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ‘ചത്ത പച്ച: ദ് റിങ് ഓഫ് റൗഡീസ്’ എന്ന സിനിമയിലാണ് ഖാലിദ് അൽ അമേരി അഭിനയിക്കുക. അതിഥി വേഷത്തിലെത്തുന്ന താരത്തിൻ്റെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഡബ്ല്യുഡബ്ല്യുഇ ശൈലിയിലുള്ള ആക്ഷൻ ഡ്രാമ ചിത്രമായ ‘ചത്ത പച്ച: ദ് റിങ് ഓഫ് റൗഡീസ്’ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ഷിഹാൻ ഷൗക്കത്ത്, റിതേഷ് എസ്. രാമകൃഷ്ണൻ എന്നിവർ സഹനിർമ്മാതാക്കളാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബോളിവുഡിലെ പ്രശസ്ത സംഗീതജ്ഞരായ ശങ്കർ-എഹ്സാൻ-ലോയ് ആണ് സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദ് പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുമ്പോൾ ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. പ്രവീൺ പ്രഭാകറാണ് എഡിറ്റ്. ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് കലൈ കിംഗ്സ്റ്റണാണ്.
സിനിമയുടെ ജിസിസി, വിദേശ തീയറ്റർ അവകാശങ്ങൾ ദുബായ് ആസ്ഥാനമായ ‘ദ് പ്ലോട്ട് പിക്ചേഴ്സ്’ എന്ന ഡിസ്ട്രിബ്യൂട്ടറാണ് സ്വന്തമാക്കിയിരിക്കുന്നത്. കമ്പനി വിതരണാവകാശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണെന്ന് റിപ്പോർട്ടുകളുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിദേശ വിതരണ കരാറുകളിൽ ഒന്നാണ് ഇത്. ഫോർട്ട് കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.