Mohanlal: ‘ലാലേട്ടൻ്റെ വരുന്ന സിനിമകളിലൊന്ന് ആവാസവ്യൂഹം സംവിധായകൻ കൃഷാന്തുമൊത്ത്’; വെളിപ്പെടുത്തി മണിയൻപിള്ള രാജു
Mohanlal And Krishand Movie: ആവാസവ്യൂഹം സംവിധായകൻ കൃഷാന്തും മോഹൻലാലുമൊത്തുള്ള സിനിമയിലാണ് താൻ ഇനി അഭിനയിക്കുക എന്ന് മണിയൻപിള്ള രാജു. പുതിയ ആൾക്കാർക്കൊപ്പം സിനിമകൾ ചെയ്യണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കൃഷാന്ത്, മോഹൻലാൽ
മോഹൻലാലിൻ്റെ വരുന്ന സിനിമകളിലൊന്ന് സംവിധാനയകൻ കൃഷാന്തുമൊത്തെന്ന് നടൻ മണിയൻപിള്ള രാജു. താൻ ഇനി അഭിനയിക്കുക ഈ സിനിമയിലാണെന്നാണ് മണിയൻപിള്ള രാജു വെളിപ്പെടുത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ള രാജുവിൻ്റെ വെളിപ്പെടുത്തൽ.
“ഇനി അഭിനയിക്കാൻ പോകുന്നത് കൃഷാന്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമയിലാണ്. അതിൻ്റെ സബ്ജക്ട് ഒന്നാം റൗണ്ട് ഡിസ്കഷനൊക്കെ കഴിഞ്ഞു. ഇപ്പോൾ സിനിമ കാണുന്ന ആൾക്കാരിൽ 18 മുതൽ 54 വയസ് വരെയുള്ളവർക്ക് മുൻതൂക്കമുണ്ട്. അവർക്ക് കൃഷാന്തിനെ ഭയങ്കര ഇഷ്ടമാണ്. മോഹൻലാൽ തന്നെ പുതിയ സംവിധായകരുടെ കൂടെ വന്നില്ലേ. പലകാര്യങ്ങളും മക്കൾ പറയുന്നത് കേൾക്കേണ്ടിവരുന്നു. പേടിച്ചിട്ടല്ല, അവരുടെ ചിന്തയാണ് കറക്റ്റ്. അവര് കുറച്ച് അഡ്വാൻസ്ഡാണ്. നമ്മൾ കുറച്ച് പഴഞ്ചനാണ്. എനിക്കിഷ്ടപ്പെട്ട സിനിമ പിള്ളേർക്ക് ഇഷ്ടപ്പെടണം എന്നില്ല. അവർക്കിഷ്ടപ്പെട്ട ചില സിനിമകൾ നമുക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല.”- മണിയൻപിള്ള രാജു പറഞ്ഞു.
വൃത്താകൃതിയിലുള്ള ചതുരം എന്ന തൻ്റെ ആദ്യ സിനിമയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കൃഷാന്ത്. പിന്നീട് ആവാസവ്യൂഹം, പുരുഷപ്രേതം, മസ്തിഷ്ക മരണം
എന്നീ സിനിമകളും കൃഷാന്ത് സംവിധാനം ചെയ്തു. അരുൺ ചന്തു സംവിധാനം ചെയ്ത ഗഗനചാരി എന്ന സിനിമയുടെ സഹനിർമ്മാതാവ് കൂടിയാണ് കൃഷാന്ത്. ആവാസവ്യൂഹം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരങ്ങളടക്കം നേടിയ കൃഷാന്തിൻ്റെ മസ്തിഷ്ക മരണം
എന്ന സിനിമ ഇതുവരെ റിലീസായിട്ടില്ല.
Also Read: Maniyanpilla Raju: ’30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞു; 16 കിലോ കുറഞ്ഞു’; മണിയൻപിള്ള രാജു
അഭിനേതാവും നിർമ്മാതാവുമായ മണിയൻപിള്ള രാജു മോഹൻലാൽ നായകനായി, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ തുടരും എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1976ൽ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് താരം തൻ്റെ അഭിനയജീവിതം ആരംഭിച്ചത്. തനിക്ക് ക്യാൻസറായിരുന്നു എന്ന് അടുത്തിടെ മണിയൻപിള്ള രാജു വെളിപ്പെടുത്തിയിരുന്നു. തൊണ്ടയിൽ ക്യാൻസർ ബാധിച്ച തനിക്ക് 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.