Rapper Vedan: വേടന് കുരുക്ക് മുറുകുന്നു, കൂടുതല്‍ ലൈംഗികാതിക്രമ പരാതികളുമായി യുവതികള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
More complaints against Rapper Vedan: വിവാഹ വാഗ്ദാനം നല്‍കി വേടന്‍ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്. ഈ കേസില്‍ വേടന്‍ ഒളിവിലാണ്

വേടന്
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) കൂടുതല്‍ ലൈംഗികാതിക്രമ പരാതികളുമായി യുവതികള്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി രണ്ട് യുവതികള്‍ പരാതി നല്‍കി. ആദ്യ സംഭവം 2020ലും, രണ്ടാമത്തേത് 2021ലുമാണ് നടന്നതെന്നാണ് സൂചന. മുഖ്യമന്ത്രിയെ കാണാന്‍ യുവതികള്‍ നേരത്തെ സമയം തേടിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറും. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി അതിക്രമത്തിന് ഇരയാക്കിയെന്നാണ് ആദ്യ പരാതി.
സംഗീത പരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിക്കുകയും, തുടര്‍ന്ന് ഉപദ്രവിച്ചുമെന്നുമാണ് രണ്ടാമത്തെ പരാതി. സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന യുവതിയാണ് രണ്ടാമത്തെ പരാതിക്കാരി. ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് മറ്റൊരു പരാതിക്കാരിയെന്നാണ് വിവരം.
വിവാഹ വാഗ്ദാനം നല്‍കി വേടന്‍ പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്. ഈ കേസില്‍ വേടന്‍ ഒളിവിലാണ്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറാണ് വേടനെതിരെ പരാതി നല്‍കിയത്. ഈ കേസില്‍ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു ഈ നടപടി.
Also Read: Rapper Vedan: വേടൻ ഒളിവിൽ; ബോൾഗാട്ടി പാലസിലെ സംഗീത നിശ മാറ്റിവച്ചു, എത്തിയാൽ ഉടൻ അറസ്റ്റ്
വിവാഹവാഗ്ദാനം നല്‍കി 2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ച് വരെ പീഡിപ്പിച്ചെന്നാണ് ആരോപണം. രണ്ട് വര്‍ഷത്തിനിടെ വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നാണ് ജാമ്യ ഹര്‍ജിയില്‍ വേടന്‍ പറയുന്നത്. കേസില്‍ തൃക്കാക്കര പൊലീസാണ് അന്വേഷണം നടത്തുന്നത്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല.
അഞ്ച് തവണ പീഡിപ്പിച്ചെന്നാണ് യുവ ഡോക്ടറുടെ പരാതി. കോഴിക്കോട്, കൊച്ചി, ഏലൂര്‍ എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം ഉപദ്രവിച്ചതായും ആരോപണമുണ്ട്. 2023 ജൂലൈ മുതല്‍ വേടന്‍ തന്നെ ഒഴിവാക്കിയെന്നും, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലായിരുന്നുവെന്നും യുവതി ആരോപിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ പൊലീസ് കേസെടുത്തത്.