Renji Panicker: മമ്മൂട്ടിയുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു; അതെൻ്റെ ഈഗോ ആയിരുന്നു: രൺജി പണിക്കർ
Renji Panicker About His Relationship With Mammootty: മമ്മൂട്ടിയുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് രൺജി പണിക്കർ. ഇടയ്ക്ക് അദ്ദേഹവുമായി പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന താൻ മമ്മൂട്ടിയുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും പറഞ്ഞു.

മമ്മൂട്ടി, രൺജി പണിക്കർ
മമ്മൂട്ടിയുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന തീരുമാനമെടുത്തിരുന്നു എന്ന് നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. തൻ്റെ അഹങ്കാരം കാരണമായിരുന്നു അതെന്നും മമ്മൂട്ടി എപ്പോഴും തന്നെ ഒരു സഹോദരനായാണ് കണ്ടിരുന്നത് എന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഞാൻ പത്രപ്രവർത്തകനായിരുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അതിന് ശേഷം മിക്കവാറും എല്ലാ ലൊക്കേഷനിലും വച്ച് ഞങ്ങൾ തമ്മിൽ പിണങ്ങുകയും ഇണങ്ങുകയും ചെയ്യുമായിരുന്നു. ഇണങ്ങാൻ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഇല്ല, പിണങ്ങാനും ഇല്ല. അദ്ദേഹം കലഹിച്ചുകൊണ്ടിരിക്കും. ഒരു സിനിമാപ്രസിദ്ധീകരണത്തിലെ റിപ്പോർട്ടറായിരുന്നു ഞാൻ. അതിൽ വരുന്ന എല്ലാ ഗോസിപ്പുകളുടെയും ഭാരം അദ്ദേഹം എൻ്റെ തലയിലേക്ക് വെക്കും. ഞാൻ തിരികെ പ്രതികരിക്കും.”- രൺജി പണിക്കർ പറഞ്ഞു.
“ഞാൻ സിനിമയിൽ വരുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിൻ്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. മമ്മൂക്ക എവിടെയെങ്കിലും കുടുംബമായി യാത്ര പോയാൽ ആ വീട്ടിൽ ഞാനും അദ്ദേഹത്തിൻ്റെ സഹോദരന്മാരുമാണ് ഉണ്ടാവുക. അത്രയും സ്വാതന്ത്ര്യവും അടുപ്പവുമുണ്ട്. അദ്ദേഹം സുറുമ, വാർത്ത എന്ന പേരിൽ രണ്ട് വിഷ്വൽ മാഗസിൻ തുടങ്ങിയിരുന്നു. അത് മലയാളത്തിൽ അത്തരത്തിലുള്ള ആദ്യ കാൽവെപ്പായിരുന്നു. അതിൻ്റെ എഡിറ്ററായിരുന്നു. അന്ന് അത് തുടങ്ങാനുള്ള ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടായി.”- അദ്ദേഹം പ്രതികരിച്ചു.
“ഇടയ്ക്ക് ‘തന്നോട് കഥയുണ്ടോ?’ എന്ന് അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു. എനിക്കന്ന് അങ്ങനെ സിനിമാതാത്പര്യമില്ല. ഞാൻ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുമായിരുന്നു. പിന്നീട് പശുപതി എഴുതാൻ പോകുമ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. എൻ്റെ മൂത്ത സഹോദരനെപ്പോലെ എനിക്ക് തോന്നിയത് കൊണ്ടാണ് അത്. ഇടയ്ക്ക് ഞാൻ ഏകലവ്യൻ്റെ കഥ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ചില കാരണങ്ങളാൽ സിനിമ നടന്നില്ല. ഇനി മമ്മൂക്കയോട് കഥ പറയില്ലെന്ന തീരുമാനമെടുത്തു.”- രൺജി പണിക്കർ തുടർന്നു.
“പിന്നീട് ഷാജിയുമായി ഞാൻ ഒരു സിനിമ എഴുതിക്കൊണ്ടിരുന്നപ്പോൾ അക്ബർ എന്നൊരു പ്രൊഡ്യൂസർ എന്നെ വന്ന് കണ്ടു. മമ്മൂക്കയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ, ‘ഞാനില്ല’ എന്ന് ഞാൻ പറഞ്ഞു. അക്ബർ എന്ന പ്രൊഡ്യൂസർ കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ടാണ് മമ്മൂക്ക അങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് സമ്മതിച്ചത്. എനിക്ക് ആവശ്യത്തിൽ കവിഞ്ഞ അഹങ്കാരമുള്ളത് കൊണ്ട് മമ്മൂക്ക വിളിച്ചപ്പോഴും ചെയ്യില്ലെന്ന് പറഞ്ഞു. അക്ബർ എൻ്റെ അമ്മയെ പോയി കണ്ടു. അമ്മ പറഞ്ഞിട്ടാണ് ഞാൻ സമ്മതിക്കുന്നത്. അപ്പോഴും മമ്മൂക്കയോട് കഥ പറയാൻ വരില്ല എന്ന് ഞാൻ പറഞ്ഞു. മമ്മൂക്ക അതിനെ കൗതുകത്തോടെയാവും കണ്ടിട്ടുണ്ടാവുക.”- അദ്ദേഹം വിശദമാക്കി.