Sandeep Pradeep: പണ്ട് ലാലേട്ടൻ ഫാനായിരുന്നു, ഇപ്പോൾ പക്ഷേ അങ്ങനെയല്ല: വെളിപ്പെടുത്തി സന്ദീപ് പ്രദീപ്
Sandeep Pradeep About Mohanlal And Mammootty: താൻ മോഹൻലാൽ ആരാധകനാണോ മമ്മൂട്ടി ആരാധകനാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് യുവതാരം സന്ദീപ് പ്രദീപ്. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
മുൻപ് താൻ മോഹൻലാൽ ആരാധനകനായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയല്ല എന്ന് വെളിപ്പെടുത്തി യുവതാരം സന്ദീപ് പ്രദീപ്. നമ്മുടെ സിനിമാ മേഖലയെ പിടിച്ചുനിർത്തിയ രണ്ട് തൂണുകളാണ് ഇവരെന്നും ഇപ്പോൾ അവരിൽ ആരാണ് നല്ലതെന്ന് ചോദിക്കുന്നത് മണ്ടത്തരമാണെന്നും സന്ദീപ് പ്രദീപ് പറഞ്ഞു. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.
“ഇപ്പോൾ ആ ചോദ്യം ചോദിക്കുകയാണെങ്കിൽ അതിന് കൃത്യമായ ഉത്തരമില്ല. കൊച്ചിലേ ഞാൻ ലാലേട്ടൻ ഫാനായിരുന്നു. ഇപ്പോൾ നമ്മൾ അതിനെക്കുറിച്ച് സംസാരിക്കരുത് എന്നാണ് എൻ്റെ ഒരു ആഗ്രഹം. അതിനൊരു ഉപമ പറയട്ടെ? നമ്മൾ ഒരു കൊട്ടാരം പണിയുകയാണെന്ന് വിചാരിക്കുക. രണ്ട് തൂണുണ്ട്. പണിത് വരുമ്പോൾ നമുക്ക് പറയാം, ‘ഈ തൂണിൻ്റെ കളർ ഇങ്ങനെയാണോ?, ഈ തൂണാണോ നല്ലത്, ആ തൂണാണോ?’ എന്നൊക്കെ പറയാം. അത് പണിത് ഒരു കൊട്ടാരമായി, 60-70 വർഷം പിടിച്ചുനിർത്തിയ തൂണിൻ്റെ അടുത്ത് ചെന്നിട്ട് ‘ഇതിൽ ഏത് തൂണാണ് നിങ്ങൾക്ക് ഇഷ്ടം’ എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. അങ്ങനെയുള്ള തൂണുകളാണ് ലാലേട്ടനും മമ്മൂക്കയും. നമ്മുടെ മലയാള സിനിമയെ പിടിച്ചുനിർത്തിയിട്ട്, ഇപ്പോൾ ചെന്നിട്ട് ഇവരാണോ അവരാണോ എന്ന് ചോദിക്കരുത്.”- സന്ദീപ് പ്രദീപ് പറഞ്ഞു.




മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഒരാളാണ് സന്ദീപ് പ്രദീപ്. ഷോർട്ട് ഫിലിമുകളിലൂടെ അഭിനയം ആരംഭിച്ച സന്ദീപ് പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയറിന് തുടക്കം കുറിയ്ക്കുന്നത്. പിന്നീട് അന്താക്ഷരി, ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം എന്നീ സിനിമകളിലും താരം അഭിനയിച്ചു. പടക്കളം സിനിമയിലെ അഭിനയം താരത്തിൻ്റെ കരിയറിൽ നിർണായകമായി. സിനിമകളും ഷോർട്ട് ഫിലിമുകളും കൂടാതെ കല്യാണ കച്ചേരി എന്ന വെബ് സീരീസിലും സന്ദീപ് പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
മനു സ്വരാജിൻ്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, അരുൺ പ്രദീപ്, സാഫ്, നിരഞ്ജന അനൂപ് തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് പടക്കളം. തീയറ്ററുകളിൽ മികച്ച പ്രകടനം നടത്തിയ സിനിമയ്ക്ക് ഒടിടിയിലും സ്വീകരണം ലഭിക്കുന്നുണ്ട്.