Shefali Jariwala Passed Away: ബിഗ്ബോസ് താരം അന്തരിച്ചു; വേദനയായി അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്
Bigg Boss Fame Shefali Jariwala Died: കുഴഞ്ഞു വീണതിനെ തുടർന്ന് നടിയെ ജൂൺ 27ന് രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷെഫാലി ജരിവാല
മുംബൈ: ബിഗ് ബോസ് സീസൺ 13ലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണതിനെ തുടർന്ന് നടിയെ ജൂൺ 27ന് രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ പരാഗ് ത്യാഗിയാണ് ഭർത്താവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
സോഷ്യൽ മീഡിയയിൽ സജീവമായ ഷെഫാലി, മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. നടിക്ക് ഇൻസ്റ്റാഗ്രാമിൽ 33 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. 20002ൽ റീലീസ് ചെയ്ത ‘കാന്താ ലഗാ’ എന്ന ഐക്കണിക്ക് മ്യൂസിക് വീഡിയോയാണ് ഷെഫാലിയുടെ കരിയറിൽ വഴിത്തിരിവായത്. 2004ൽ സൽമാൻ ഖാനൊപ്പം ‘മുജ്‌സെ ശാദി കരോഗി’ എന്ന ചിത്രത്തിലും അഭിനയിച്ചു.
ഷെഫാലിയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്:
പിന്നീട്, 2019ലാണ് ഷെഫാലി ഹിന്ദി ബിഗ്‌ബോസിലെ സീസൺ 13ൽ പങ്കെടുക്കുന്നതും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ ഷോയിൽ, മുൻ കാമുകനായിരുന്ന സിദ്ധാർത്ഥ് ശുക്ലയുമായുള്ള ബന്ധവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. 2015ലാണ് ഷെഫാലിയും നടൻ പരാഗ് ത്യാഗിയും വിവാഹിതരായത്. ‘നാച് ബലിയേ’ 5, 7 എന്നീ ഡാൻസ് റിയാലിറ്റി ഷോകളിൽ ഭർത്താവ് പരാഗിനൊപ്പം ഷെഫാലി പങ്കെടുത്തിരുന്നു. 2019-ൽ ‘ബേബി കം നാ’ എന്ന വെബ് സീരീസിലും താരം അഭിനയിച്ചു.