Thudarum Movie: ‘പോലീസ് സ്റ്റേഷൻ ഫൈറ്റിൽ ലാലേട്ടന് കടുത്ത പനിയായിരുന്നു’; എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടിയെന്ന് നിർമ്മാതാവ് രഞ്ജിത്
M Ranjith About Mohanlal: തുടരും സിനിമയിലെ ഷൂട്ടിംഗിനിടെ മോഹൻലാലിന് കടുത്ത പനി ബാധിച്ചെന്ന് നിർമ്മാതാവ് എം രഞ്ജിത്തിൻ്റെ വെളിപ്പെടുത്തൽ. പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ ചിത്രീകരിച്ചത് പനി ബാധിച്ചിരിക്കെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എം രഞ്ജിത്, മോഹൻലാൽ
തുടരും സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനായ പോലീസ് സ്റ്റേഷൻ ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാലിന് കടുത്ത പനിയായിരുന്നു എന്ന് നിർമ്മാതാവ് രഞ്ജിത്. അദ്ദേഹം എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടിയെന്നും ഗുളിക കഴിച്ചാണ് ആ സീൻ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
“പോലീസ് സ്റ്റേഷൻ ഫൈറ്റ് എടുക്കുമ്പോൾ, ചേട്ടൻ അന്ന് ബിഗ് ബോസും ചെയ്യുന്ന സമയമാണ്. അഞ്ച് ദിവസം തുടരെ ഉണ്ടെങ്കിലേ ഈ ഫൈറ്റ് തീരൂ. ഫൈറ്റ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടന് കടുത്ത പനിയായി. എഴുന്നേൽക്കാൻ പറ്റുന്നില്ല. അതുപോലെ പനി. എന്നോട് ഫോൺ ചെയ്ത് അദ്ദേഹം പറഞ്ഞു, വല്ലാത്ത പനിയാണെന്ന്. ഞാൻ ഉടനെ അദ്ദേഹത്തിൻ്റെ മുറിയിൽ ചെന്നു. നോക്കുമ്പോൾ അതിഭീകര പനിയാണ്. ഭയങ്കരമായിട്ട് പൊള്ളുന്നുണ്ട്. അപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു, “ചേട്ടാ, വേണമെങ്കിൽ നമുക്ക് ഇന്ന് ബ്രേക്ക് ചെയ്യാം.” അദ്ദേഹം പറഞ്ഞു, “എനിക്ക് ബിഗ് ബോസ് ഉണ്ട്. ഇതെല്ലാം ഇവിടെ കിടക്കും. രഞ്ജിത്തിൻ്റെ പൈസ പോകും. ഞാൻ തിരിച്ച് വരുന്നത് വരെ നിക്കണ്ടേ. ഇപ്പോ തുടങ്ങിയാലും ബിഗ് ബോസ് ഷൂട്ടിന് മുൻപ് തീരില്ല” എന്ന് പറഞ്ഞു. ഈ പനി പിടിച്ച് എന്ത് ചെയ്യാനാണ് എന്ന് ഞാൻ ചോദിച്ചു.”- രഞ്ജിത് പറഞ്ഞു.
“അങ്ങനെ അവിടെ ഇരുന്ന് ഒരു ഡോക്ടറെ വിളിച്ച് ഹൈ ഡോസ് മരുന്ന് ചോദിച്ചു. ഒരെണ്ണത്തിന് പകരം മൂന്ന് ഗുളികകളാണ് അദ്ദേഹം കഴിച്ചത്. അങ്ങനെയാണ് ഫൈറ്റ് ചെയ്തത്. ആ ജമ്പ് ചെയ്യുന്ന സീനൊക്കെ ഭീകരമായ പനിയുള്ള സമയത്ത് എടുത്തതാണ്. അതൊന്നും റോപ്പിൻ്റെ സഹായത്തിലല്ല. പിറ്റേദിവസം 12 മണിക്കാണ് ഫ്ലൈറ്റ്. ഷൂട്ടിംഗ് തുടങ്ങിയിട്ട് ഫൈറ്റ് തീരുന്നില്ല. രണ്ട് മണിയാകുമ്പോ തീർക്കാമെന്ന് മാസ്റ്റർ പറഞ്ഞു. അത് പുലർച്ചെ നാല് മണിയായി. പിന്നെ ഒരു പോർഷൻ ചെയ്യാനുണ്ടായിരുന്നു. ആ ഫൈറ്റ് കൂടി ചെയ്തിട്ട് 9.30 ആയപ്പോഴാണ് എയർപോർട്ടിലേക്ക് പോകുന്നത്. ഇത് അതിശയോക്തിയല്ല. മലയാളത്തിൽ ഒരാളും ഇങ്ങനെ ചെയ്യില്ല.”- രഞ്ജിത് തുടർന്നു.