Anumol: ‘അവൾ എനിക്ക് ഒരു സഹോദരിയെപ്പോലെ; പറഞ്ഞുറപ്പിച്ച ബാക്കി പണം കൊടുത്ത് സെറ്റിലാക്കി’
Vinu Vijay Opens Up About Anumol: അനുമോളും താനും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളമുണ്ടെന്ന് പറഞ്ഞുകൊണ്ട് വിനു പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനു സുഹൃത്തും സഹോദരിയുമാണെന്നാണ് വിനു കുറിച്ചത്.

Anumol, Vinu
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും വിവാദങ്ങളും വിമർശനങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. അനുമോളുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇതിൽ കൂടുതലും. കഴിഞ്ഞ സീസൺ മുതൽ ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിലെ പിആർ ചർച്ചയായിരുന്നു. എന്നാൽ ഇത്തവണ അത് ചർച്ചയ്ക്കും അപ്പുറം വിവാദങ്ങളാണ് ഉയർന്നത്.
അനുമോൾ ലക്ഷങ്ങളുടെ പിആർ നൽകിയാണ് ബിഗ് ബോസിൽ എത്തിയതെന്ന് ആദ്യം വെളിപ്പെടുത്തിയത് സഹമത്സരാർഥിയായിരുന്നു ബിന്നി സെബാസ്റ്റ്യനാണ്. പതിനാറ് ലക്ഷം രൂപയ്ക്ക് പിആർ ആണ് അനുമോൾ നൽകിയതെന്നായിരുന്നു ബിന്നിയുടെ ആരോപണം. അഡ്വാൻസായി അമ്പതിനായിരം നൽകിയെന്നും ബിന്നി വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ അനുവിനെതിരെ കൂടുതൽ ആരോപണങ്ങളും തെളിവുകളും ബിബി വീടിനകത്ത് നിന്നും പുറത്ത് നിന്നും ഉയർന്നു. എന്നാൽ ഇത് തെറ്റാണെന്നായിരുന്നു അനുമോൾ വ്യക്തമാക്കിയത്. എന്നാൽ തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വിനുവാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ലക്ഷം രൂപ അത്തരം കാര്യങ്ങൾക്ക് വേണ്ടി മുടക്കിയെന്നും അനു പറഞ്ഞിരുന്നു.
Also Read:അനുമോൾ സുധിച്ചേട്ടൻ്റെ ‘പെങ്ങളൂട്ടി’; അവൾ ബിഗ് ബോസ് വിജയിച്ചതിൽ സന്തോഷമെന്ന് രേണു സുധി
ഇപ്പോഴിതാ അനുമോളും താനും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളമുണ്ടെന്ന് പറഞ്ഞുകൊണ്ട് വിനു പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനു സുഹൃത്തും സഹോദരിയുമാണെന്നാണ് വിനു കുറിച്ചത്. ഇതിനൊപ്പം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സുഹൃത്ത് ചെയ്യുന്നതുപോലെ താൻ അനുമോൾക്കൊപ്പം നിന്നുവെന്നം. ഒരു സഹോദരൻ തന്റെ സഹോദരിയെ സംരക്ഷിക്കുന്നതുപോലെ ഒരു അച്ഛൻ തന്റെ മകളെ പിന്തുണയ്ക്കുന്നതുപോലെ…. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ അവൾക്കൊപ്പം ഉണ്ട് എന്നാണ് വിനു കുറിച്ചത്.
വിനുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചുമെല്ലാം കമന്റുമായി എത്തിയത്. നിങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് അറിഞ്ഞതിൽ സന്തോഷം എന്നാണ് ഒരാൾ കുറിച്ചത്. പറഞ്ഞുറപ്പിച്ച ബാക്കി പണം കൂടി കൊടുത്ത് സെറ്റിലാക്കി കാണും അനു അതാകും ഇത്തരമൊരു പോസ്റ്റ് എന്നാണ് മറ്റൊരാൾ കുറിച്ചത്.