Ahmedabad Air India Crash: ‘ഞാന്‍ എങ്ങനെ ജീവിച്ചിരിക്കുന്നുവെന്നറിയില്ല’; അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ്
Ahmedabad Plane Crash Updates: രമേശിന്റെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പക്ഷെ അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ താഴേക്ക് പതിക്കാന്‍ തുടങ്ങിയെന്നും പെട്ടെന്ന് രണ്ടായി പിളര്‍ന്ന് ഒരു സ്‌ഫോടനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ താന്‍ പുറത്തേക്ക് വീണുവെന്നും രമേശ് പറഞ്ഞതായി ഡോക്ടര്‍.

വിശ്വാസ് കുമാര്‍ രമേശ്
അഹമ്മദാബാദ്: അഹമ്മദാബാദ് നടന്ന വിമാനാപകടത്തില്‍ ബാക്കിയായത് ഒരേയൊരു ജീവന്‍. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേശ് (39) എന്ന യുവാവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റിലായിരുന്നു ഇയാള്‍ വിമാനത്തിലുണ്ടായിരുന്നത്. ഇയാള്‍ മാത്രമാണ് അപകടത്തെ തരണം ചെയ്തതെന്ന് അഹമ്മദാബാദ് പോലീസ് സ്ഥിരീകരിച്ചു.
ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍ഡുക്കള്‍ക്കുള്ളില്‍ ഒരു വലിയ ശബ്ദം ഉണ്ടായി. ഇതോടെ വിമാനം തകര്‍ന്നു വീണു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ഞാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ ചുറ്റും മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. ഞാനാകെ ഭയന്നു. അവിടെ നിന്നും എഴുന്നേറ്റ് ഓടി. എന്റെ ചുറ്റും വിമാനത്തിന്റെ കഷ്ണങ്ങളായിരുന്നു. ആരോ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഞാന്‍ എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്ക് അറിയില്ല എന്ന് രമേശ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രമേശിന്റെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പക്ഷെ അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ താഴേക്ക് പതിക്കാന്‍ തുടങ്ങിയെന്നും പെട്ടെന്ന് രണ്ടായി പിളര്‍ന്ന് ഒരു സ്‌ഫോടനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ താന്‍ പുറത്തേക്ക് വീണുവെന്നും രമേശ് പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കുന്നു.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രമേശ് പിതാവിനെ വിളിച്ച് രക്ഷപ്പെട്ടതായി അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വിമാനത്തിലുണ്ടായിരുന്ന 242 പേര്‍ക്ക് പുറമെ പ്രദേശവാസികളും വിദ്യാര്‍ഥികളും മരിച്ചിട്ടുണ്ട്. 24 പ്രദേശവാസികളും 5 മെഡിക്കല്‍ വിദ്യാര്‍ഥികളും മരിച്ചതായാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.