Couple Found Dead: ദുരൂഹത ബാക്കിയാക്കി ദമ്പതികളുടെ മരണം, കൊലപാതകമെന്ന് യുവതിയുടെ പിതാവ്, അല്ലെന്ന് പൊലീസ്
Jaipur Couple Found Dead: വെള്ളിയാഴ്ചയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിലുണ്ടായിരുന്നത്. ധര്‍മേന്ദ്ര വാഹനമോടിക്കുന്നത് സുമന്‍ തടയാന്‍ ശ്രമിക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍

ധർമ്മേന്ദ്രയും സുമനും
ജയ്പുര്‍: ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിലെ മുഹാനയിലാണ് സംഭവം. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന് സംഭവിക്കുന്നു. കൊലപാതക സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ സെയില്‍സ് മാനേജരായ ധര്‍മ്മേന്ദ്രയും, ഭാര്യ സുമനുമാണ് മരിച്ചത്. ധര്‍മ്മേന്ദ്രയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ഇരുവരും താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഒരാളെ അയച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
ഇയാള്‍ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് ദമ്പതികളെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് മുമ്പ് ദമ്പതികള്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയിലെ സിസിടിവിയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിലുണ്ടായിരുന്നത്. ധര്‍മേന്ദ്ര വാഹനമോടിക്കുന്നത് സുമന്‍ തടയാന്‍ ശ്രമിക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സുമന്‍ ധര്‍മേന്ദ്രയുടെ തോളില്‍ തല ചായ്ച്ച് കൈകളില്‍ പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ഇരുവരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി നടന്നു.
ഇരുവരും അപ്പാർട്ട്മെന്റിലേക്ക് ഒരുമിച്ച് പ്രവേശിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിലുണ്ട്. ധര്‍മേന്ദ്രയെയും സുമനെയും ജീവനോടെ കാണുന്ന അവസാന ദൃശ്യങ്ങളാണിത്.
ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നുവെന്നും, എന്നാല്‍ കൊലപാതകസാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് ഓഫീസര്‍ ഗുര്‍ ഭൂപേന്ദ്ര പറഞ്ഞു.
Read Also: Dowry death: 100 പവൻ സ്വർണവും വോൾവോ കാറും പോര, തിരുപ്പൂരിൽ സ്ത്രീധന പീഡനം; നവവധു ജീവനൊടുക്കി
മരണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ദമ്പതികള്‍ക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അടുത്തിടെയാണ് ഇവര്‍ ഫ്ലാറ്റ് വാങ്ങിയത്. പതിനൊന്നും, എട്ടും വയസുള്ള രണ്ട് മക്കള്‍ ഇവര്‍ക്കുണ്ട്. അവധിക്കാലമായതിനാല്‍ ഇരുവരും ഭരത്പൂരിലുള്ള മുത്തശിക്കൊപ്പമാണ് താമസിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ധർമ്മേന്ദ്രയുടെ ഒരു സുഹൃത്ത് പറഞ്ഞു.
മകളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്ന് സുമന്റെ പിതാവ് അജയ് സിങ് ആരോപിച്ചു. അതുകൊണ്ട് കൊലപാതക സാധ്യതകള്‍ പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. ഫ്ലാറ്റിൽ നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ദമ്പതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.