Delhi Blast: ഡല്‍ഹി സ്‌ഫോടനം; അക്രമിയുടെ കാലില്‍ മെറ്റാലിക് ട്രിഗര്‍, ഷൂ ബോംബര്‍ സാധ്യതകള്‍ തേടി അന്വേഷണ സംഘം
Delhi Red Fort Blast Updates: കാറില്‍ നിന്ന് ലഭിച്ച ഷൂവിലാണ് അന്വേഷണ സംഘം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഷൂവില്‍ നിന്ന് ലോഹം പോലുള്ള വസ്തുക കണ്ടെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ ഷൂ ബോംബര്‍ സാധ്യതകള്‍ തേടി അന്വേഷണ സംഘം. ആക്രമണത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്ന് സംശയാസ്പദമായി ഒരു ഷൂ കണ്ടെത്തിയതായി അന്വേഷണം സംഘം അറിയിച്ചു. ജെയ്‌ഷെ മുഹമ്മദ് അംഗം ഡോ. ഉമര്‍ മുഹമ്മദ് ഒരു ഷൂ ബോംബര്‍ ആയിരുന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
കാറില്‍ നിന്ന് ലഭിച്ച ഷൂവിലാണ് അന്വേഷണ സംഘം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഷൂവില്‍ നിന്ന് ലോഹം പോലുള്ള വസ്തു കണ്ടെത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച വസ്തുവായിരിക്കാം അതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മദര്‍ ഓഫ് സാത്താന്‍ എന്ന് പേരുള്ള അതിതീവ്ര സ്‌ഫോടന ശേഷിയുള്ള TATP എന്ന സ്‌ഫോടക വസ്തുവിന്റെ അംശം ഷൂവില്‍ നിന്നും കാറിന്റെ ടയറില്‍ നിന്നും കണ്ടെത്തി. ഉമര്‍ ഇത് സ്‌ഫോടനം നടത്താനായി കാറില്‍ ഒളിപ്പിച്ചതാകാമെന്നാണ് വിവരം. ആക്രമണം നടത്തുന്നതിനായി ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ വലിയ അളവില്‍ തന്നെ TATP സംഭരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.




പരിശോധനയില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തിന് TATP ഉം അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഇവരുടെ പക്കലുണ്ടായിരുന്നു എന്നതിന് തെളിവാകുകയാണ് കാറില്‍ നിന്നും ലഭിച്ച ഷൂ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍. ഷൂവില്‍ നിന്ന് കണ്ടെത്തിയ ലോഹ വസ്തു കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. സ്‌ഫോടനത്തിന് കാരണമാകുന്ന ട്രിഗര്‍ മെക്കാനിസമാണോ ഇവിടെ പരീക്ഷിക്കാന്‍ ഒരുങ്ങിയതെന്നും അന്വേഷണ സംഘം പരിശോധിക്കും.
ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ഹമാസ് മാതൃകയിലുള്ള ആക്രമണം വിന്യസിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജെയ്‌ഷെ മുഹമ്മദ് എന്ന് എന്‍ഐഎ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഷൂ ബോംബര്‍ വിവരങ്ങള്‍ പുറത്തുവന്നത്.