Assam: അസമിൽ തുടർഭരണം, ഹിമന്ത ബിശ്വ ശർമയുടെ സത്യപ്രതിജ്ഞ ഇന്ന്
Himanta Biswa Sarma Oath Ceremony 2026: 126 അംഗ അസം നിയമസഭയിലേക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുന്നത്. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ ഏകകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

Himanta Biswa Sarma
ഗുവാഹത്തി: നിയമസഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ അസമിന്റെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.40ന് ഗുവാഹത്തിയിലെ ഖനപുരയിലുള്ള വെറ്ററിനറി കോളേജ് മൈതാനിയിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ, ദേശീയ പ്രസിഡന്റ് നിതിൻ നബിൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, വ്യവസായികൾ, മതനേതാക്കൾ എന്നിവർ പങ്കെടുക്കും.
126 അംഗ അസം നിയമസഭയിലേക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുന്നത്. 82 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ പാർട്ടിയായി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും (എജിപി) ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും (ബിപിഎഫ്) 10 സീറ്റുകൾ വീതം നേടി എൻഡിഎയുടെ സീറ്റ് എണ്ണം 102 ആയി. കോൺഗ്രസ് 19 സീറ്റുകളിൽ ഒതുങ്ങി.
മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന്
ബിജെപിയുടെ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ ഏകകണ്ഠമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകരായ ജെ.പി. നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഹിമാന്ത ബിശ്വ ശർമ്മയോടൊപ്പം നാല് കാബിനറ്റ് മന്ത്രിമാരും അസം നിയമസഭാ സ്പീക്കറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണ്.
ALSO READ: അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി മോദി; മെയ് 15ന് പ്രധാനമന്ത്രി യുഎഇയില്‍
രാമേശ്വർ തേലി, അതുൽ ബോറ, ചരൺ ബോറോ, അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിസഭ കൂടുന്നതാണ്. ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അസമിലെ ജനങ്ങൾ ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി. തങ്ങൾക്ക് അഞ്ച് വർഷം മുമ്പിലുണ്ട്. അസമിന്റെ വികസനത്തിനായി ഉത്തരവാദിത്തത്തോടും കൃത്യതയോടും പ്രവർത്തിക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും സംസ്ഥാന ക്ഷേമത്തിനും ശ്രദ്ധ നൽകുന്നതാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കൂടാതെ, എൻഡിഎയുടെ മൂന്നാം വരവിൽ അസമിനെ രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിൽ ഒന്നാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ് 2026
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നീ അഞ്ചിടങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. കേരളത്തിൽ യുഡിഎഫ്, തമിഴ്നാട്ടിൽ ടിവികെയും അധികാരത്തിലെത്തിയപ്പോൾ മറ്റ് മൂന്നിടങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരാണ്. തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം നേതാവ് സി ജോസഫ് വിജയും ബംഗാളിൽ ബിജെപിയുടെ സുവേന്ദു അധികാരിയും സത്യപ്രതിജ്ഞ ചെയ്തു. പുതുച്ചേരിയിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം നേതാവ് എൻ രംഗസ്വാമി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും.
English Summary:
Himanta Biswa Sarma will be sworn in as the Chief Minister of Assam today. The oath-taking ceremony will take place at 11.40 am at the Veterinary College grounds in Khanapura, Guwahati. The BJP government is coming to power for the third time with a two-thirds majority in the 126-member Assam Assembly.