Sheikh Hasina: ക്രിയാത്മകമായി ഇടപെടും, ‘അത്തരം’ താല്‍പര്യങ്ങളോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധര്‍; ഹസീനയുടെ വധശിക്ഷയെക്കുറിച്ച് ഇന്ത്യ
India On Sheikh Hasina Verdict: ഷെയ്ഖ് ഹസീനയുടെ വധശിക്ഷയോട് പ്രതികരിച്ച് ഇന്ത്യ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ച വിധി പ്രഖ്യാപിച്ച വിധി ശ്രദ്ധിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

ഷെയ്ഖ് ഹസീന
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയോട് പ്രതികരിച്ച് ഇന്ത്യ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ച വിധി പ്രഖ്യാപിച്ച വിധി ശ്രദ്ധിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അയല്‍രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശിലെ ജനങ്ങളുടെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുൾപ്പെടെയുള്ള മികച്ച താൽപ്പര്യങ്ങൾക്കായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യ വ്യക്തമാക്കി. ആ ലക്ഷ്യത്തിനായി എല്ലാവരുമായും എപ്പോഴും ക്രിയാത്മകമായി ഇടപെടുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഹസീനയെ ബംഗ്ലാദേശിന് കൈമാറുമോയെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഹസീനയെ കൈമാറണമെന്നുള്ള ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതുമെന്ന് ശിക്ഷാവിധിക്ക് ശേഷം ബംഗ്ലാദേശ് നിയമ, നീതി, പാർലമെന്ററി കാര്യ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമുണ്ടായ വിദ്യാര്‍ത്ഥി കലാപത്തിനിടെ പ്രക്ഷോഭകാരികളെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തെന്നാണ് ഹസീനയ്‌ക്കെതിരായ ആരോപണം. കേസില്‍ ഹസീന കുറ്റക്കാരിയാണെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ കണ്ടെത്തി. തുടര്‍ന്ന് വധശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
ഹസീനയുടെ സഹായിയും മുൻ ആഭ്യന്തര മന്ത്രിയുമായ അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചു. കേസിലെ മറ്റൊരു പ്രതിയായ മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമുന്‍ മാപ്പുസാക്ഷിയായതിനെ തുടര്‍ന്ന് ശിക്ഷ അഞ്ച് വര്‍ഷമാക്കി ചുരുക്കി. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് ബംഗ്ലാദേശ് വിട്ട ഹസീന ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയിരിക്കുകയാണ്.
ശിക്ഷ കണക്കിലെടുത്ത് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള കൈമാറൽ ഉടമ്പടി പ്രകാരം ഇത് ഇന്ത്യയുടെ കടമ കൂടിയാണെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. വിധി പക്ഷപാതപരവും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഹസീന പ്രതികരിച്ചു.
വിദേശകാര്യമന്ത്രാലയത്തിന്റെ ട്വീറ്റ്
Our statement regarding the recent verdict in Bangladesh⬇️
🔗 https://t.co/jAgre4dNMn pic.twitter.com/xSnshW6AzZ— Randhir Jaiswal (@MEAIndia) November 17, 2025