Indian Railways Ticket Status: ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂര്‍ മുമ്പേ അറിയാം; റെയില്‍വേയില്‍ വമ്പന്‍ മാറ്റങ്ങള്‍
Train Ticket Status 10 Hours in Advance: റെയില്‍വേ ടിക്കറ്റില്‍ യാത്രക്കാര്‍ നേരിടുന്ന അനിശ്ചിതത്വം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമല്ലെങ്കില്‍ മറ്റ് വഴി തേടാനുള്ള അവസരവും പുതിയ മാറ്റത്തിലൂടെ ലഭിക്കുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി വമ്പന്‍ പരിഷ്‌കാരങ്ങള്‍ നടത്തി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ പുറപ്പെടുന്നതിന് പത്ത് മണിക്കൂര്‍ മുമ്പേ ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കുന്ന സൗകര്യമാണ് റെയില്‍വേ ഒരുക്കിയത്. ടിക്കറ്റ് സ്റ്റാറ്റസ് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാനുള്ള സമയമാണ് ഇന്ത്യന്‍ റെയില്‍വേ പരിഷ്‌കരിച്ചത്.
റെയില്‍വേ ടിക്കറ്റില്‍ യാത്രക്കാര്‍ നേരിടുന്ന അനിശ്ചിതത്വം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമല്ലെങ്കില്‍ മറ്റ് വഴി തേടാനുള്ള അവസരവും പുതിയ മാറ്റത്തിലൂടെ ലഭിക്കുന്നു.
ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പായിരുന്നു നേരത്തെ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയാറാക്കിയിരുന്നത്. ഇതാദ്യമായാണ് ഇപ്പോള്‍ ചാര്‍ട്ട് തയാറാക്കല്‍ സമയം നീട്ടിയത്. ട്രെയിന്‍ പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കുന്നത് യാത്രക്കാരെ വല്ലാതെ വലച്ചിരുന്നു, എന്നാല്‍ ഇനി മുതല്‍ ഓരോരുത്തര്‍ക്കും അവരുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സാധിക്കും.
പുതിയ മാറ്റം
- രാവിലെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് ഇനി മുതല്‍ തലേദിവസം രാത്രി 8 മണിയോടെ ലഭ്യമാകും.
- ഉച്ചയ്ക്ക് രണ്ട് മണിക്കും രാത്രി 11.59നും ഇടയിലും, അര്‍ധരാത്രി 12 മുതല്‍ രാവിലെ 5 മണി വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് യാത്ര ആരംഭിക്കുന്നതിന് 10 മണിക്കൂര്‍ മുമ്പും തയാറാക്കും.
10 മണിക്കൂര്‍ മുമ്പ് തന്നെ ചാര്‍ട്ട് തയാറാക്കുന്നത് ദീര്‍ഘദൂര ട്രെയിനുകളില്‍ പോകാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും. അവസാന നിമിഷത്തെ സമ്മര്‍ദം ലഘൂകരിക്കാന്‍ ഇത് അവരെ സഹായിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാര്‍ക്ക് താമസ സൗകര്യം, യാത്ര ആസൂത്രണം, ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ ക്രമീകരണമാണ് നിലവില്‍ നടത്തിയിരിക്കുന്നതെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.