Operation Sindhu: ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘമെത്തി
Israel-Iran Conflicts: തിരിച്ചെത്തിയ 110 പേരില്‍ 90 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ബാക്കി 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി. ആദ്യ വിമാനത്തില്‍ മലയാളികള്‍ ആരുമില്ലെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു.

ഓപ്പറേഷന്‍ സിന്ധു
ഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം രാജ്യത്തെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്നും പുറപ്പെട്ട വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത്. 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
തിരിച്ചെത്തിയ 110 പേരില്‍ 90 പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളാണ്. ബാക്കി 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി. ആദ്യ വിമാനത്തില്‍ മലയാളികള്‍ ആരുമില്ലെന്ന് നോര്‍ക്ക വ്യക്തമാക്കുന്നു.
ടെഹ്‌റാനില്‍ നിന്നും 12 മലയാളികളാണ് എംബസിയുമായി ബന്ധപ്പെട്ടത്. ഇവര്‍ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്നാണ് വിവരം. ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയവര്‍ സര്‍ക്കാരിന് നന്ദി അറിയിച്ചു. ഇന്ത്യന്‍ പതാകയുമേന്തി ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ആദ്യം വിമാനത്തില്‍ നിന്ന് പുറത്തേക്ക് വന്നത്.
ഇറാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ടെഹ്‌റാനില്‍ നിന്നും ക്വോമയിലേക്ക് ഇതുവരെ 600 വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായാണ് വിവരം. ഇവരെ വരും ദിവസങ്ങളില്‍ നാട്ടിലെത്തിക്കും. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി തുര്‍ക്ക്മിനിസ്ഥാന്റെയും അസര്‍ബൈജാന്റെയും പിന്തുണ രാജ്യം തേടിയിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ ഇസ്രായേലില്‍ ഉള്ള ഇന്ത്യക്കാരെയും ഒഴിപ്പിക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് വിദേശകാര്യ മന്ത്രാലയം. അതിനിടെ, ഇസ്രായേല്‍ കടക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ അറിയിച്ചു.
ഇസ്രായേലില്‍ നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംബസിയില്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ വിസയ്ക്കുള്ള അപേക്ഷ നല്‍കുന്നതിനായി ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി.