Narendra Modi: യുക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം; മാക്രോണുമായി ചര്‍ച്ച നടത്തി മോദി
Modi Macron Meeting: 2026 ഫെബ്രുവരിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് മാക്രോണിന് നന്ദി പറയുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.

ഇമ്മാനുവല്‍ മാക്രോണ്‍, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതില്‍ കൈവരിച്ച പുരോഗതി നേതാക്കള്‍ ചര്‍ച്ച ചെയ്തു. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി തന്റെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
പ്രസിഡന്റ് മാക്രോണുമായി വളരെ നല്ലൊരു ഫോണ്‍ സംഭാഷണം നടത്തി. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്തു. യുക്രെയ്‌നിലെ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ കൈമാറി. ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
2026 ഫെബ്രുവരിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് മാക്രോണിന് നന്ദി പറയുകയും ചെയ്തുവെന്ന് മോദി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ബന്ധം തുടരാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മാക്രോണും മോദിയും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ ഫോണ്‍ സംഭാഷണമാണിത്. ഓഗസ്റ്റ് 21ന് മാക്രോണ്‍ പ്രധാനമന്ത്രിയെ വിളിച്ച് യുക്രെയ്‌നിലെ യുദ്ധത്തിനും ഗാസയിലെ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
Also Read: Donald Trump: എതിർപ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ, മോദി മഹാനായ നേതാവും സുഹൃത്തും; ഡൊണാൾഡ് ട്രംപ്
ചൈനയിലെ ടിയാന്‍ജിനില്‍ വെച്ച് നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ യുക്രെയ്‌നുമായുള്ള എല്ലാ ശത്രുതയും അവസാനിപ്പിക്കണമെന്നും സമാധാനപരമായ ഒരു പരിഹാരം കാണണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.