Narendra Modi : ഇന്ത്യ-പാക് അതിര്‍ത്തിയുടെ തൊട്ടടുത്തേക്ക് നരേന്ദ്ര മോദി; സന്ദര്‍ശനം അടുത്തയാഴ്ച
Narendra Modi Rajasthan visit: അതിര്‍ത്തിയിലെ സൈനികരെ കാണാന്‍ മോദിയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാള്‍, ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് മദൻ റാത്തോഡ്, ചില സംസ്ഥാനമന്ത്രിമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശനിയാഴ്ച ബിക്കാനീറിലെത്തും

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദേഷ്‌നോക്ക് സന്ദര്‍ശിക്കും. അടുത്തയാഴ്ചയാണ് സന്ദര്‍ശനം. മെയ് 22ന് ദേഷ്‌നോക്കിലെ കര്‍ണി മാതാ ക്ഷേത്രത്തിലെത്തുന്ന മോദി തുടര്‍ന്ന് ഒരു റാലിയെ അഭിസംബോധന ചെയ്യും. ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപമുള്ള രാജസ്ഥാനിലെ ജില്ലയാണ് ബിക്കാനീര്‍. മോദിയുടെ ബിക്കാനീര്‍ സന്ദര്‍ശനം ശ്രദ്ധേയമാകുന്നതും ഇക്കാരണത്താലാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ഒരു കേന്ദ്രം കൂടിയായ ബിക്കാനീറിലെ നാല്‍ എയര്‍പോര്‍ട്ടില്‍ മോദിയെത്തും. പാകിസ്ഥാനുമായി 168 കി.മീ ദൂരമുള്ള അതിര്‍ത്തിയാണ് ബിക്കാനീര്‍ പങ്കിടുന്നത്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 200 കി.മീ അകലെയാണ് ദേഷ്‌നോക് സ്ഥിതി ചെയ്യുന്നത്.
അതിര്‍ത്തിയിലെ സൈനികരെ കാണാന്‍ മോദിയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാള്‍, ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് മദൻ റാത്തോഡ്, ചില സംസ്ഥാനമന്ത്രിമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശനിയാഴ്ച ബിക്കാനീറിലെത്തും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, അർജുൻ റാം മേഘ്‌വാള്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുമെന്ന് ബിജെപി വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ ആരംഭിച്ചു.
22ന് ദേഷ്‌നോക്കിലേത് ഉൾപ്പെടെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളമുള്ള നിരവധി റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായാകും ഉദ്ഘാടനം. പദ്ധതി പ്രകാരം, ബിക്കാനീർ ഡിവിഷനിൽ രണ്ട് ഹൈടെക് റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ചിരുന്നു. ബിക്കാനീറിലെ ലാൽഗഡ് സ്റ്റേഷന്റെ പണിയും ഏറെക്കുറെ പൂർത്തിയായി.
ജോധ്പൂർ ഡിവിഷനിലെ ദേഷ്‌നോക് റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഇതുപ്രകാരം, ബിക്കാനീർ ഡിവിഷനിലെ 22 സ്റ്റേഷനുകൾ പുനർനിർമ്മിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.