Nambala Keshava Rao: നക്‌സലിസം തിരഞ്ഞെടുത്തത് എംടെക് പഠനത്തിനിടെ; സുരക്ഷാസേന വധിച്ച ബാസവ രാജു തലയ്ക്ക് ഒരു കോടി വിലയുള്ള നേതാവ്
security forces neutralized 27 dreaded Maoists in Chhattisgarh: നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിൽ ഒരു നാഴികക്കല്ലാണ് നേട്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനകളെയും ഏജൻസികളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം

സിആര്‍പിഎഫ്, നമ്പാല കേശവ റാവു
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് 1.5 കോടി രൂപ വിലയുണ്ടായിരുന്ന നേതാവും. മാവോയിസ്റ്റ് കമാന്‍ഡറായ ബസവ രാജു എന്ന നമ്പാല കേശവ റാവു ഉള്‍പ്പെടെയുള്ള 27 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. നാരായൺപൂർ ജില്ലയിലെ മാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 2003 ഒക്ടോബർ 1 ന് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ നടന്ന അലിപിരി ബോംബ് ആക്രമണക്കേസിലെ പ്രധാന സൂത്രധാരനായിരുന്നു ഇയാള്‍. വധശ്രമത്തിൽ നിന്ന് നായിഡു രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.
2010-ൽ ദന്തേവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. 2018-ൽലാണ് 71-കാരനായ ഇയാള്‍ മാവോയിസ്റ്റ് നേതൃത്വത്തിലേക്ക് എത്തിയത്. മാവോയിസ്റ്റ് നേതാവായിരുന്ന ഗണപതിയുടെ രാജിയെ തുടര്‍ന്നാണ് നമ്പാല കേശവ റാവു മാവോ കമാന്‍ഡറായത്.
ആക്രമണങ്ങള്‍ക്ക് ഗറില്ലാ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും, ഐഇഡികള്‍ സ്ഥാപിക്കുന്നതിലും ഇയാള്‍ക്ക് വൈദഗ്ധ്യമുണ്ടായിരുന്നു. വാറങ്കൽ ആർ.ഇ.സിയിൽ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. എംടെകിന് പഠിക്കുന്നതിനിടെയാണ് നക്‌സലിസത്തിലേക്ക് തിരിഞ്ഞത്. പിതാവ് ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയന്നപേട്ട ഗ്രാമമാണ് ഇയാളുടെ സ്വദേശം. ഗംഗണ്ണ, പ്രകാശ്, കൃഷ്ണ, വിജയ്, ദരപു നരസിംഹ റെഡ്ഡി, നരസിംഹ തുടങ്ങിയ പേരുകളിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
50 മണിക്കൂറിലധികം നീണ്ടുനിന്ന ദൗത്യം
50 മണിക്കൂറിലധികം സുരക്ഷാസേനയുടെ ദൗത്യം നീണ്ടുനിന്നു. ഒരു പൊലീസുകാരന് പരിക്കേറ്റതായി ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിജയ് ശര്‍മ പറഞ്ഞു. അഭുജ്മാദിനും ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തിനും ഇടയിലുള്ള വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ടാലു ഹില്ലിന് സമീപം മാവോയിസ്റ്റുകളെ ലക്ഷ്യമിട്ട് സിആര്‍പിഎഫും സംസ്ഥാന പൊലീസും ഏപ്രിൽ 20 മുതൽ മെയ് 11 വരെ 21 ദിവസത്തെ ഓപ്പറേഷൻ ‘ബ്ലാക്ക് ഫോറസ്റ്റ്’ എന്ന പേരില്‍ ദൗത്യം നടത്തിയിരുന്നു. 21 ദിവസത്തിനിടെ സുരക്ഷാ സേന 16 സ്ത്രീകൾ ഉൾപ്പെടെ 31 നക്സലൈറ്റുകളെ വധിച്ചു. 21 ഏറ്റുമുട്ടലുകളിലായി, 35 ആയുധങ്ങൾ കണ്ടെടുത്തു.
Read Also: Jyoti Malhotra: ‘അവിടെ നിന്ന് ഏറെ സ്നേഹം ലഭിച്ചു’; ജ്യോതി മൽഹോത്രയുടെ സ്വകാര്യ ഡയറി കണ്ടെടുത്തു
അഭിനന്ദിച്ച് അമിത് ഷാ
നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിൽ ഒരു നാഴികക്കല്ലാണ് നേട്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനകളെയും ഏജൻസികളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് പൂർത്തിയാക്കിയ ശേഷം, 54 നക്സലൈറ്റുകൾ അറസ്റ്റിലായതായും 84 നക്സലൈറ്റുകൾ ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കീഴടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.