Franco Mulakkal: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; ഇനി ഐടി സ്ഥാപനത്തില്‍
Sister Anupama: കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കന്യാസ്ത്രീ ആദ്യം പരാതിപ്പെട്ടത് സഭയിലാണ്. ശേഷം 2017 മാര്‍ച്ചില്‍ മദര്‍ സുപ്പീയരിന് കന്യാസ്ത്രീ പരാതി നല്‍കി.

അനുപമ, ഫ്രാങ്കോ മുളയ്ക്കല്‍
ആലപ്പുഴ: മുന്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സമരം ചെയ്ത സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചതായി വിവരം. ഒന്നര മാസം മുമ്പ് അവര്‍ സഭാവസ്ത്രം ഉപേക്ഷിച്ച് വീട്ടിലെത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലന്തര്‍ രൂപതയുടം കീഴില്‍ കോട്ടയം കുറവിലങ്ങാട്ട് പ്രവര്‍ത്തിക്കുന്ന സന്യാസമഠത്തില്‍ നിന്നാണ് വസ്ത്രം ഉപേക്ഷിച്ചത്.
എംഎസ്ഡബ്ല്യു ബിരുദധാരിയാണ് അനുപമ. നിലവില്‍ അവര്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കന്യാസ്ത്രീ ആദ്യം പരാതിപ്പെട്ടത് സഭയിലാണ്. ശേഷം 2017 മാര്‍ച്ചില്‍ മദര്‍ സുപ്പീയരിന് കന്യാസ്ത്രീ പരാതി നല്‍കി.
2018ല്‍ പള്ളിവികാരിയുടെ നേതൃത്വത്തില്‍ ആദ്യ അനുരഞ്ജന ശ്രമം നടന്നു. ഇതില്‍ വഴങ്ങാതിരുന്ന കന്യാസ്ത്രീ ജൂണ്‍ 27ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീക്കൊപ്പം മറ്റ് ആറ് കന്യാസ്ത്രീകളും രംഗത്തെത്തി.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധിയായത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങളോ ഏഴോളം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍ കോടതി പിന്നീട് പ്രതിയെ കുറ്റവിമുക്തനാക്കി. ഈ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു അനുപമ.