Veena George: തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം, വീണാ ജോര്‍ജ് ആശുപത്രിയില്‍
Veena George admitted to hospital: രക്തസമ്മര്‍ദ്ദം കൂടിയതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിക്ക് ഡ്രിപ്പ് നല്‍കി. വീണാ ജോര്‍ജ് ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് വിവരം. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍
കൊട്ടാരക്കര: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടിയതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിക്ക് ഡ്രിപ്പ് നല്‍കി. വീണാ ജോര്‍ജ് ഉടന്‍ തന്നെ ആശുപത്രി വിടുമെന്നാണ് വിവരം. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്. ആരോഗ്യമന്ത്രിയുടെ ഒറ്റ വാക്കിലാണ് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടതെന്നും, ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
സംഭവം ദൗര്‍ഭാഗ്യകരമാണ്. ആരോഗ്യവകുപ്പ് മന്ത്രിയും, സഹകരണവകുപ്പ് മന്ത്രിയും ആ കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും, അതിനകത്ത് ഒരാളു പോലുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവരത് പറഞ്ഞതിന്റെ പേരിലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെ കൂടി ഉപയോഗിച്ച കേട്ടിടമാണ്. അത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്തടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പറഞ്ഞതെന്നും സതീശന്‍ ചോദിച്ചു.




അതേസമയം, സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രാഥമിക വിവരമാണ് പങ്കുവച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും, അന്വേഷണത്തിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി സംഘടിപ്പിച്ച റീജിയണല്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് വിവരമറിഞ്ഞത്. ഉടന്‍ സംഭവസ്ഥലത്തെത്തി. വിവരമറിഞ്ഞയുടന്‍ സ്ഥലത്തേക്ക് ജെസിബി എത്തിക്കാന്‍ ശ്രമിച്ചെന്നും, ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടോയെന്ന് തിരയാനാണ് ജെസിബി എത്തിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ആരുമില്ലെന്നാണ് വിവരം ലഭിച്ചത്. ആ വിവരമാണ് മാധ്യമങ്ങളോട് പങ്കുവച്ചതെന്നും മന്ത്രി വ്യക്തമാക്കി.