Pooja Bumper 2025: പൂജ ബമ്പര്‍ വാങ്ങാനാളില്ല; വില്‍പനയില്‍ വന്‍ ഇടിവ്
Pooja Bumper Lottery Sale: ഒന്നാം സമ്മാനം 12 കോടി രൂപയാണ്, ഇതിന് പുറമെ 300 രൂപ വരെയുള്ള സമ്മാനങ്ങള്‍ വേറെയുമുണ്ട്. തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് വേദിയില്‍ വെച്ചാണ് ഇത്തവണ പൂജ ബമ്പറിന്റെ പ്രകാശനം നടന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ 2025 ലോട്ടറി ടിക്കറ്റ് വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. പൂജ ബമ്പര്‍ നറുക്കെടുപ്പ് നടക്കാന്‍ ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്, എന്നിട്ടും ടിക്കറ്റുകള്‍ വിറ്റുപോകാത്തത്തില്‍ ആശങ്കയിലാണ് ലോട്ടറി വില്‍പനക്കാര്‍. ഇതുവരെ 26 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. കഴിഞ്ഞ വര്‍ഷം (2024) അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 32 ലക്ഷവും നറുക്കെടുപ്പിന് രണ്ടാഴ്ച മുന്നേ വിറ്റുതീര്‍ന്നിരുന്നു.
45 ലക്ഷത്തില്‍ ആകെ 39 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റുതീര്‍ക്കാനായത്. 300 രൂപയാണ് പൂജ ബമ്പറിന്റെ വില. ഒന്നാം സമ്മാനം 12 കോടി രൂപയാണ്, ഇതിന് പുറമെ 300 രൂപ വരെയുള്ള സമ്മാനങ്ങള്‍ വേറെയുമുണ്ട്. തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് വേദിയില്‍ വെച്ചാണ് ഇത്തവണ പൂജ ബമ്പറിന്റെ പ്രകാശനം നടന്നത്.
പ്രകാശനം കഴിഞ്ഞ്, നവരാത്രിയ്ക്കും വിജയദശമിയ്ക്കും ശേഷമായിരുന്നു പൂജ ബമ്പറിന്റെ വിപണിയിലേക്കുള്ള വരവ്. വൈകി വിപണിയിലെത്തിയതും ലോട്ടറിയ്ക്ക് ദോഷം ചെയ്തു. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നീട്ടിവെച്ചതാണ് പൂജ ബമ്പര്‍ വിതരണം വൈകാന്‍ കാരണമായത്.




ജിഎസ്ടി വര്‍ധനവിന് ശേഷം ഏജന്റ് കമ്മീഷനിലും സമ്മാനഘടനയിലും മാറ്റം വരുത്തിയാണ് ടിക്കറ്റ് വിപണിയിലെത്തിയത്. ഏജന്റ് കമ്മീഷനില്‍ കുറവ് വരുത്തിയതില്‍ കടുത്ത അതൃപ്തിയിലാണ് തൊഴിലാളികള്‍. മൊത്തവില്‍പനക്കാരില്‍ നിന്ന് ടിക്കറ്റെടുത്ത് വില്‍പന നടത്തുന്ന ലോട്ടറി തൊഴിലാളികള്‍ക്ക്, 50 രൂപ ടിക്കറ്റിന് 7.35 രൂപയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ ജിഎസ്ടി വര്‍ധിച്ചതോടെ ഇത് 6.35 രൂപയായി ചുരുങ്ങി.
Also Read: Pooja Bumper 2025: 12 കോടിയില്ല! പകുതിയെങ്കിലും കിട്ടുമോ? പൂജ ബമ്പറടിച്ചാല്‍ അക്കൗണ്ടിലെത്ര എത്തും?
വിറ്റ ടിക്കറ്റിന് 5,000 രൂപ സമ്മാനം ലഭിച്ചാല്‍ ഏജന്റിന് 570 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 450 രൂപയേ ഉള്ളൂ. ലോട്ടറി കാര്യാലയങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ വിറ്റുപോകുന്നുണ്ടെങ്കിലും ചെറുകിട ഏജന്റുമാരുടെ കൈവശമുള്ള ടിക്കറ്റുകളുടെ കാര്യം അങ്ങനെയല്ല.