Kerala Rain Alert: ദേ വീണ്ടും മഴ… വരും ദിവസം ഈ ജില്ലയിൽ യെല്ലോ അലർട്ട്; ഇന്നത്തെ കാലാവസ്ഥ
Today Kerala Rain Alert: വരുന്ന ഒമ്പതാം തീയതി (വെള്ളിയാഴ്ച്ച) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലയിൽ തണുപ്പ് വീണ്ടും ശക്തമായിരിക്കുകയാണ്. മൂന്നാറിൽ കഴിഞ്ഞ ദിവസം ഏഴ് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു. കഴിഞ്ഞ ഒരു മാസമായി മഴ പൂർണമായും മാറി നിൽക്കുന്ന അവസ്ഥയാണ് കാണാൻ സാധിച്ചത്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം ചക്രവാതച്ചുഴി സ്ഥിത് ചെയ്യുന്നുണ്ട്. ഇത് വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുന്നതിനെ തുടർന്ന് വ്യാഴം/ വെള്ളി ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
തെക്കൻ തമിൾ നാട് മേഖലയിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ, മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നു. വരുന്ന ഒമ്പതാം തീയതി (വെള്ളിയാഴ്ച്ച) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: വെയിലാണെങ്കിലും മഴ പിന്നാലെയുണ്ട്; ശ്രദ്ധിക്കേണ്ടത് ആ ദിവസം, കാലാവസ്ഥ പ്രവചനം ഇങ്ങനെ….
എന്നാൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലയിൽ മത്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ശബരിമലയിലെ പമ്പ, നിലക്കൽ, സന്നിധാനം മേഖലകളിൽ ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും. നേരിയ തണുപ്പ് ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ അയ്യപ്പഭക്തർ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. മലയോര മേഖലയിൽ തണുപ്പ് വീണ്ടും ശക്തമായിരിക്കുകയാണ്. മൂന്നാറിൽ കഴിഞ്ഞ ദിവസം ഏഴ് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള പശ്ചിമ തീരദേശ മേഖലയിൽ പകൽ താപനില 30-37ഡിഗ്രി സെൽഷ്യസിന് ഇടയിൽ തുടരുകയാണ്. കേരളത്തിൽ കാസർഗോഡ്, കണ്ണൂർ മലപ്പുറം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 35 മുതൽ 37°c വരെ താപനിലയാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.