Kerala Rain Alert: അതിതീവ്ര മഴ; 4 ജില്ലകളില്‍ റെഡ് അലർട്ട്, 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala Rain Alert Update Today: മഴ തുടർച്ചയായി ലഭിക്കുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം എന്നാണ് നിർദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.
വരും ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിനു മുകളിലായുള്ള ന്യുനമർദ്ദം മണിക്കൂറുകൾക്കകം തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ട്. മഴ തുടർച്ചയായി ലഭിക്കുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം എന്നാണ് നിർദേശം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
നാളെയും അതിതീവ്ര മഴ
സംസ്ഥാനത്ത് നാളെയും റെഡ് – ഓറഞ്ച് അലേർട്ടുകളാണ് നിലവിലുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ALSO READ: പച്ചക്കൊടി വീശി കേന്ദ്രം; വയനാട് തുരങ്ക പാതയ്ക്ക് അനുമതി
അതിതീവ്ര മഴ പ്രഖ്യാപിച്ച മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതിശക്തമായ മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാകാനും, നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ (4 മണിക്ക്) പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, അടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.