Kerala University Controversy: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കറ്റ്, വിയോജിച്ച് വിസി
Kerala University Bharat Mata row syndicate meeting: ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ വൈസ് ചാന്‍സിലറായ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ വിസിയുടേത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കറ്റ് തീരുമാനമെടുത്തത്

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് സിന്‍ഡിക്കറ്റ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൂന്നംഗ സമിതിയെയും നിയോഗിച്ചു. ഡോ. ഷിജു ഖാന്‍, ഡോ. നസീബ്, ജി. മുരളീധരന്‍ എന്നിവരാണ് സമിതിയിലുള്ളത്. നടപടി ഹൈക്കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയും നിയോഗിച്ചു. താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് സിന്‍ഡിക്കറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. തുടര്‍ന്ന് സിസ തോമസ് വിയോജനക്കുറിപ്പ് നല്‍കി. ബിജെപി അംഗങ്ങളും തീരുമാനത്തെ എതിര്‍ത്തു. യോഗത്തില്‍ ബഹളമുണ്ടായി.
ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ വൈസ് ചാന്‍സിലറായ ഡോ. മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത്. എന്നാല്‍ വിസിയുടേത് ചട്ടവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കറ്റ് തീരുമാനമെടുത്തത്. നിലവില്‍ മോഹന്‍ കുന്നുമ്മല്‍ വിദേശത്താണ്. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനത്തെ തുടര്‍ന്നാണ് സിസ തോമസിന് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്.




ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് രജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയിരുന്നു. ഗവണര്‍റോട് അനാദരവ് കാണിച്ചെന്നു ആരോപിച്ചാണ് അന്വേഷണവിധേയമായി ഡോ. കെ.എസ്. അനില്‍കുമാറിനെ വിസി സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനെതിരെ അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിന്‍ഡിക്കറ്റ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.