Kerala Weather Update: സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത; ശബരിമലയിലെ കാലാവസ്ഥ ഇങ്ങനെ
Kerala Weather Update Today November 18: തുലാവർഷത്തിന്റെ സ്വാധീനഫലമായി ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരങ്ങളിലോ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മണ്ഡലകാല തീർത്ഥാടനം നടക്കുന്നതിനാൽ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കാലാവസ്ഥാ വിവരങ്ങളും തീർത്ഥാടകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Weather Update Today). തുലാവർഷത്തിന്റെ സ്വാധീനഫലമായി ഉച്ചയ്ക്ക് ശേഷമോ വൈകുന്നേരങ്ങളിലോ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മണ്ഡലകാല തീർത്ഥാടനം നടക്കുന്നതിനാൽ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കാലാവസ്ഥാ വിവരങ്ങളും തീർത്ഥാടകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. വരുന്ന 21ാം തീയതി വരെ സമാന കാലാവസ്ഥ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ALSO READ: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, അക്‌വാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?
അക്‌വാൻ ചുഴലിക്കാറ്റ്
ആന്ധ്രാപ്രദേശ് തീരങ്ങളിലും സമീപ തെക്കൻ ഒഡീഷ തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ അക്‌വാൻ ചുഴലിക്കാറ്റ് തുടരുകയാണ്. ഇത് രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത. നവംബർ 19-ന് അതിശക്‌തമായ ചുഴലിക്കാറ്റായി മാറിയേക്കും. നവംബർ 20-ന് ഉച്ചയോടെ നെല്ലൂരിനും ടുണിക്കും ഇടയിൽ ആന്ധ്രാപ്രദേശ്–യാനം തീരങ്ങളിൽ മണിക്കൂറിൽ 120–130 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 145 കിലോമീറ്റർ വരെ) കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി നവംബർ 17-21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്‌വാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, 21 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
ശബരിമല കാലാവസ്ഥ
സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പുലർച്ചെയും രാത്രിയിലും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ മിതമായ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാനനപാതയിലെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മഴ മുന്നറിയിപ്പുകളും ശബരി പോർട്ടലിൽ (sabariportaldcpta.in) തത്സമയം ലഭ്യമാകും. ഇതിനൊപ്പം പമ്പാ ത്രിവേണിയിലെ ജലനിരപ്പ് എത്രയെന്നും, ഭക്തർക്ക് അവിടെ കുളിക്കാനുള്ള അനുമതിയുണ്ടോ ഇല്ലയോ എന്നുള്ള പ്രധാന വിവരങ്ങളും ലൈവായി അപ്‌ഡേറ്റ് ചെയ്യപ്പെടും.
നിലവിൽ സന്നിധാനത്ത് 25 ഡിഗ്രി സെൽഷ്യസ് താപനിലയും, പമ്പ ത്രിവേണി പ്രദേശത്ത് 26 ഡിഗ്രി സെൽഷ്യസ് താപനിലയും, നിലയ്ക്കൽ ബേസിൽ 25 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലകയറുന്ന ഭക്തർ മഴയെ പ്രതിരോധിക്കാനുള്ള റെയിൻകോട്ടുകളോ കുടകളോ കരുതുന്നത് നന്നായിരിക്കും. പമ്പാ നദിയിലെ ജലനിരപ്പ് സംബന്ധിച്ച് അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
English Summary:
Isolated rain with thunderstorms expected in Kerala today November 18. Check out the latest weather forecast and travel advisory for Sabarimala Sannidhanam, Pamba, and Nilackal.