Kollam Student Shock Death: സ്‌കൂള്‍ വിട്ട് മിഥുന്‍ വീട്ടിലെത്തി; കണ്ണീര്‍ കണ്ണുകളുമായി വന്‍ ജനാവലി
Kollam Student Shock Death Updates: തേവലക്കരയിലെ സ്‌കൂളില്‍ നിന്ന് വിളന്തറയിലെ വീട്ടിലേക്ക് വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം എത്തിച്ചത്. മിഥുനെ ഒരുനോക്ക് കാണാന്‍ നിരവധിയാളുകളാണ് വീട്ടിലേക്കെത്തിയത്.

മിഥുന്
കൊല്ലം: അവസാനമായി, ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ച് മിഥുന്റെ ശരീരം അവന്റെ പ്രിയപ്പെട്ടവര്‍ ഏറ്റുവാങ്ങി. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ച മിഥുന്റെ ചേതനയറ്റ ശരീരം നോക്കി കൂടി നിന്നവര്‍ക്കാര്‍ക്കും കണ്ണീര്‍ പിടിച്ചുനിര്‍ത്താനായില്ല. ചങ്കിലെ സങ്കടം കടിച്ചുപിടിച്ച് നില്‍ക്കുന്ന മിഥുന്റെ പിതാവിന്റെ ദൃശ്യങ്ങള്‍ ആ നാടിനെയാകെ കണ്ണീരിലാഴ്ത്തി.
തേവലക്കരയിലെ സ്‌കൂളില്‍ നിന്ന് വിളന്തറയിലെ വീട്ടിലേക്ക് വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം എത്തിച്ചത്. മിഥുനെ ഒരുനോക്ക് കാണാന്‍ നിരവധിയാളുകളാണ് വീട്ടിലേക്കെത്തിയത്. സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ നാടൊന്നാകെ വഴിയരികില്‍ മിഥുന് വേണ്ടി കാത്തുനിന്നിരുന്നു.
മിഥുന്റെ വിയോഗം സഹിക്കവയ്യാതെ അമ്മൂമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ അവസാനമായി കാണാന്‍ അമ്മ സുജയും വീട്ടിലെത്തി. ഇതോടെ വീട്ടുമുറ്റം അണപ്പൊട്ടിയൊഴുകിയ കണ്ണീരില്‍ കുതിര്‍ന്നു.
ഏറെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് മിഥുന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. പട്ടാളക്കാരനാകണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതിന് എന്‍സിസി ഗുണം ചെയ്യുമെന്ന് മനസിലാക്കിയാണ് തേവലക്കരയിലെ സ്‌കൂളിലേക്ക് മാറിയത്. എന്നാല്‍ അത് അവന്റെ ജീവിതം തന്നെ ഇല്ലാതാക്കാന്‍ പോന്ന തീരുമാനമായിരിക്കുമെന്ന് ആ കുടുംബം ഒരിക്കലും അറിഞ്ഞിരുന്നില്ല.
കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാനും നല്ലൊരു വീട് വെക്കാനും വേണ്ടിയാണ് മാസങ്ങള്‍ക്ക് മുമ്പ് അമ്മ സുജ ഗള്‍ഫിലേക്ക് പോയത്. എന്നാല്‍ തനിക്ക് തുണയാകേണ്ടിയിരുന്ന മകന്റെ വിയോഗം അറിഞ്ഞ് സുജ തളര്‍ന്നു. അവന്റെ വിയോഗം തകര്‍ത്തെറിഞ്ഞത് ആ കുടുംബത്തിന്റെയാകെ പ്രതീക്ഷകളാണ്.