Rahul Mamkootathil: ‘കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കും’; മുന്‍കൂര്‍ ജാമ്യത്തിന് അവസരം പോലും നല്‍കാതെ പൂട്ടി
Rahul Mamkootathil Arrest Update: ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് വേഗം സമ്മതിക്കുമെന്നും തന്നെ വിട്ടുപോകാതിരിക്കാന്‍ കുഞ്ഞുവേണമെന്നും രാഹുല്‍ പറഞ്ഞതായും യുവതി വ്യക്തമാക്കുന്നു. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്.

രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: മൂന്നാമത്തെ പീഡനക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായിരിക്കുകയാണ്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് കാണിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്നുള്ള പോലീസ് സംഘം പാലക്കാട്ടെ ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എആര്‍ ക്യാമ്പിലെത്തിച്ച രാഹുലിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
ഇമെയില്‍ വഴിയാണ് വിദേശത്തുള്ള യുവതി പരാതി നല്‍കിയത്. രാഹുലിന്റെ ഭാഗത്തുനിന്ന് താന്‍ നേരിട്ടത് അതിക്രൂര പീഡനമാണെന്ന് യുവതി പരാതിയില്‍ പറയുന്നു. തിരുവല്ല സ്വദേശിനിയായ ഇവര്‍ കാനഡിയിലാണ്. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘം വീഡിയോ കോണ്‍ഫറന്‍സ് വഴി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം.
ഒരു കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹത്തിന് വേഗം സമ്മതിക്കുമെന്നും തന്നെ വിട്ടുപോകാതിരിക്കാന്‍ കുഞ്ഞുവേണമെന്നും രാഹുല്‍ പറഞ്ഞതായും യുവതി വ്യക്തമാക്കുന്നു. സാമൂഹ്യമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്.
വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെയാണ് രാഹുലിനെ പരിചയപ്പെടുന്നത്. നേരിട്ട് കാണാമെന്ന് പറഞ്ഞപ്പോള്‍ റസ്റ്ററോന്റിലേക്ക് താന്‍ വരാമെന്ന് പറഞ്ഞെങ്കിലും, ഹോട്ടല്‍ മുറിയിലേക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലില്‍ എത്തിയ തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കി. മുഖത്തടിക്കുകയും തുപ്പുകയും ശരീരഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു.
Also Read: Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി പുതിയൊരു കേസിൽ
അതിന് ശേഷവും കാണണമെന്ന് രാഹുല്‍ പറഞ്ഞെങ്കിലും താന്‍ സമ്മതിച്ചില്ല. പിന്നീട് ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അത് മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്നായിരുന്നു രാഹുലിന്റെ വാദം. അപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സാമ്പിളുകള്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ നല്‍കിയില്ലെന്നും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്നും അവരുടെ മൊഴിയിലുണ്ട്.
അതേസമയം മുന്‍കൂര്‍ ജാമ്യത്തിന് അവസരം പോലും നല്‍കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി 12.30 ഓടെ മൂന്ന് വാഹനങ്ങളിലായി എട്ട് പേരടങ്ങുന്ന പോലീസ് സംഘമാണ് രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയത്. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.