VS Achuthanandan: ആരോഗ്യനിലയില്‍ മാറ്റമില്ല, വിഎസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു, മെഡിക്കല്‍ ബുള്ളറ്റിന്‍
VS Achuthanandan Health News: ഡയാലിസിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി പരിശോധന നടത്തി. നിലവിലെ ചികിത്സ തുടരാമെന്നാണ് അദ്ദേഹത്തിന്റെയും നിര്‍ദ്ദേശം. വിഎസിനെ കാത്തിരിക്കുന്നവര്‍ക്കൊപ്പം തങ്ങളും പ്രതീക്ഷയിലാണെന്ന് അരുണ്‍കുമാര്‍

വി.എസ്. അച്യുതാനന്ദൻ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പട്ടം എസ്‌യുടി ആശുരത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ്. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ ഇന്ന് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. വിഎസിന്റെ ആശുപത്രി വാസം തങ്ങള്‍ക്ക് വേദനാജനകമാണെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓരോ ദിവസവും വിഎസിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമ്പോള്‍ പ്രതീക്ഷ ലഭിക്കുന്നുണ്ടെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള വിഷമതകള്‍ ഡയാലിസിസിലൂടെ മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡയാലിസിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി പരിശോധന നടത്തി. നിലവിലെ ചികിത്സ തുടരാമെന്നാണ് അദ്ദേഹത്തിന്റെയും നിര്‍ദ്ദേശം. വിഎസിനെ കാത്തിരിക്കുന്നവര്‍ക്കൊപ്പം തങ്ങളും പ്രതീക്ഷയിലാണെന്ന് അരുണ്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
അതേസമയം, ഐഎച്ച്ആര്‍ഡിയുടെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരായ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്‌തെന്ന് അരുണ്‍കുമാര്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കെതിരെ വിധി വന്ന വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചെന്നും, എന്നാല്‍ അത് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത് അധികം പേര് അറിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു.
വിധിയുടെ കാര്യം സ്വന്തം നിലയില്‍ ജനങ്ങളെ അറിയിക്കേണ്ടി വന്ന നിര്‍ഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്‍കിയ അപ്പീലില്‍ കഴമ്പുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയതോടെയാണ് അനുകൂലമായി സ്‌റ്റേ ലഭിച്ചത്. വിധി പ്രാധാന്യത്തോടെ ജനങ്ങളെ അറിയിച്ചവര്‍, സ്‌റ്റേയുടെ കാര്യത്തിന് പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമമുള്ളിടത്തോളം കാലം നീതി ലഭിക്കും. ഉപ്പ് തിന്നവര്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയല്ലോ എന്നും അരുണ്‍കുമാര്‍ ചോദിച്ചു.