Marigold Farming: ഈ ഓണത്തിന് വീട്ടിലെ ജമന്തി കൊണ്ട് പൂക്കളമിടാം, വിത്തുനടേണ്ടത് ഇപ്പോഴാണേ…
Marigold Farming Tips for Onam Season : നിങ്ങളുടെ മുറ്റത്ത് പൂക്കളമൊരുക്കാൻ ജമന്തിപ്പൂ ഇനി പണം കൊടുത്ത് വാങ്ങേണ്ട... അതിനായി ഒരുക്കങ്ങൾ തുടങ്ങേണ്ടത് ഇപ്പോഴാണ്. ഓണക്കാലം ലക്ഷ്യമിട്ട് വീട്ടുമുറ്റത്തോ കൃഷിയിടത്തിലോ ജമന്തി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും വരവറിയിച്ച് ഓണക്കാലം ഇങ്ങെത്താറായി. മലയാളികൾക്ക് ഓണമെന്നാൽ പൂക്കളുടെയും പൂക്കളങ്ങളുടെയും നാളുകളാണ്. ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാൻ ഇന്ന് പലരും ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കളെയാണ്. എന്നാൽ, ഇത്തവണ ഒരു മാറ്റമായല്ലോ… നിങ്ങളുടെ മുറ്റത്ത് പൂക്കളമൊരുക്കാൻ ജമന്തിപ്പൂ ഇനി പണം കൊടുത്ത് വാങ്ങേണ്ട… അതിനായി ഒരുക്കങ്ങൾ തുടങ്ങേണ്ടത് ഇപ്പോഴാണ്. ഓണക്കാലം ലക്ഷ്യമിട്ട് വീട്ടുമുറ്റത്തോ കൃഷിയിടത്തിലോ ജമന്തി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ…
ജമന്തി കൃഷി – നടീൽ സമയം
ജമന്തി നട്ട് രണ്ട് മുതൽ രണ്ടര മാസം കൊണ്ടാണ് അവ പൂത്തു തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഓണക്കാലത്ത് കൃത്യമായി വിളവെടുപ്പ് നടത്തണമെങ്കിൽ ജൂൺ മാസത്തിൽ തന്നെ വിത്ത് പാകാനോ തൈകൾ നടാനോ ശ്രദ്ധിക്കണം. ഇപ്പോഴേ തൈകൾ നട്ടാൽ ചിങ്ങമാസത്തിലെ അത്തപ്പൂക്കളം മുതൽ തിരുവോണം വരെ നിങ്ങളുടെ മുറ്റത്ത് ആവശ്യത്തിന് ജമന്തിപ്പൂക്കൾ ഉണ്ടാകും.
ഇനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തി പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ. വിത്തുകൾ പാകി മുളപ്പിച്ചോ അല്ലെങ്കിൽ നഴ്സറികളിൽ നിന്ന് ഗുണമേന്മയുള്ള ഹൈബ്രിഡ് ഇനം തൈകൾ വാങ്ങിയോ നിങ്ങൾക്ക് കൃഷി ആരംഭിക്കാവുന്നതാണ്. നാടൻ ഇനങ്ങളെക്കാൾ ലെയറിംഗ് ചെയ്ത ഹൈബ്രിഡ് ചെടികളിൽ നിന്നാണ് കൂടുതൽ പൂക്കൾ ലഭിക്കുന്നത്.
ALSO READ: വർഷം മുഴുവൻ അധികവരുമാനം; പേര നന്നായി പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി
മണ്ണ് ഒരുക്കൽ
നല്ല നീർവാർച്ചയുള്ള മണ്ണാണ് ജമന്തി കൃഷിക്ക് അനുയോജ്യം. ചട്ടിയിലോ ഗ്രോ ബാഗിലോ ആണ് നടുന്നതെങ്കിൽ മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ ചരൽ എന്നിവ തുല്യ അളവിൽ കലർത്തി മിശ്രിതം തയ്യാറാക്കാം. ടാപ്പിങ് ഇളക്കി മണ്ണിലാണ് നടുന്നതെങ്കിൽ അടിവളമായി കമ്പോസ്റ്റോ അഴുകിയ കോഴിവളമോ ചേർത്തു കൊടുക്കാവുന്നതാണ്. തൈകൾ നട്ട ശേഷം തുടക്കത്തിൽ അമിതമായി വെയിൽ അടിക്കാത്ത സ്ഥലങ്ങളിൽ വെക്കുക. വേരുകൾ പിടിച്ച ശേഷം നല്ലതുപോലെ വെയിൽ ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറ്റി നടുന്നതാണ് ഉത്തമമം.
ജലസേചനം
മഴക്കാലമായതിനാൽ മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടാകും. എങ്കിലും ചട്ടിയിലെ മണ്ണ് പൂർണ്ണമായി ഉണങ്ങാൻ അനുവദിക്കരുത്. ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം. വെള്ളം കെട്ടിക്കിടന്നാൽ വേരുചീയൽ രോഗം വരാൻ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളം അല്ലെങ്കിൽ ജീവാമൃതം ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. പൂവിടാൻ തുടങ്ങുന്ന സമയത്ത് കുറച്ച് എല്ലുപൊടിയോ പൊട്ടാഷോ നൽകാം.
പിഞ്ചിംഗ് രീതി
ജമന്തി കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പിഞ്ചിംഗ്. തൈകൾ നട്ട് ഏകദേശം 3-4 ആഴ്ച വളരുമ്പോൾ അതിന്റെ പ്രധാന തണ്ടിന്റെ അഗ്രഭാഗം നുള്ളിക്കളയുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടി പൊങ്ങി വളരുന്നത് നിലക്കുകയും, വശങ്ങളിൽ നിന്ന് ധാരാളം പുതിയ ശാഖകൾ പൊട്ടിമുളയ്ക്കുകയും ചെയ്യും. ശാഖകൾ കൂടുന്നതിനനുസരിച്ച് ചെടി പടർന്ന് വളരുകയും ഓണക്കാലത്ത് കൂടുതൽ പൂക്കൾ കിട്ടാൻ സഹായിക്കും ചെയ്യും.